ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ വിജയമായതിനു പിന്നാലെ വ്യാജ പ്രചാരണങ്ങളുമായി പാകിസ്ഥാൻ . ഇന്ത്യൻ സൈന്യം വെള്ളക്കൊടി ഉയർത്തി, റാഫേൽ വിമാനം തങ്ങൾ വെടിവച്ചിട്ടു എന്നിങ്ങനെയൊക്കെയായിരുന്നു പാക് സൈനികരടക്കം പ്രചരിപ്പിച്ചത് . വ്യാജ വാർത്തകളെ തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ ഇതിനെ പാകിസ്ഥാന്റെ നിരാശാജനകമായ ശ്രമമാണെന്ന് വിശേഷിപ്പിച്ചു.
ബഹാവൽപൂരിന് സമീപം പാകിസ്ഥാൻ സൈന്യം ഇന്ത്യൻ റാഫേൽ വിമാനം വെടിവച്ചിട്ടുവെന്ന രീതിയിൽ പ്രചരിപ്പിച്ചത് 2021-ൽ പഞ്ചാബിലെ മോഗയിൽ നടന്ന മിഗ്-21 വിമാനാപകടത്തിന്റേതാണ് എന്ന് പിഐബി ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു. ഇതിന് നിലവിലെ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല.
ചോറ പോസ്റ്റിൽ വെള്ളക്കൊടി ഉയർത്തി ഇന്ത്യൻ സൈന്യം കീഴടങ്ങി എന്ന വ്യാജ അവകാശവാദം പാക് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു . വ്യാജവും കെട്ടിച്ചമച്ചതുമായ ഈ വിവരണത്തെ പാകിസ്ഥാൻ മന്ത്രി അട്ട ഉല്ലാ തരാർ പിന്തുണയ്ക്കുക മാത്രമല്ല, യാതൊരു തെളിവുമില്ലാതെ ഈ അവകാശവാദം പരസ്യമായി സ്ഥിരീകരിക്കുകയും ചെയ്തു.
പാകിസ്ഥാൻ വ്യോമസേന ശ്രീനഗർ വ്യോമതാവളം ലക്ഷ്യമിട്ടുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു. എന്നാൽ അത് 2024 ന്റെ തുടക്കത്തിൽ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന വർഗീയ സംഘർഷങ്ങളുടെതാണ്. ഈ വീഡിയോയ്ക്ക് കശ്മീരുമായോ സമീപകാലത്തെ ഏതെങ്കിലും വ്യോമാക്രമണവുമായോ യാതൊരു ബന്ധവുമില്ല. ഇന്ത്യൻ ബ്രിഗേഡ് ആസ്ഥാനം പാകിസ്ഥാൻ നശിപ്പിച്ചതായി മറ്റൊരു കിംവദന്തിയും പ്രചരിച്ചിരുന്നു, എന്നാൽ പ്രതിരോധ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഈ അവകാശവാദം പൂർണ്ണമായും തെറ്റും കെട്ടിച്ചമച്ചതുമാണ്.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈനികരെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് അത് നിഷേധിക്കുകയും പിൻവലിക്കുകയും ചെയ്തു.

