ഇസ്ലാമാബാദ് ; പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ എടുത്ത കടുത്ത തീരുമാനങ്ങൾ കാരണം പരിഭ്രാന്തിയിലാണ് പാകിസ്ഥാൻ . അതുകൊണ്ട് തന്നെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസും കൂട്ടരും എല്ലാ ദിവസവും അർധരാത്രിയിൽ മീറ്റിംഗുകളും , അടിയന്തിര സമ്മേളനങ്ങളും നടത്തുകയാണിപ്പോൾ .ശനിയാഴ്ച രാത്രിയാണ് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പാർലമെന്റിന്റെ അടിയന്തര സമ്മേളനം വിളിക്കുമെന്ന് പ്രഖ്യാപിച്ചത്.
പാകിസ്ഥാൻ ദേശീയ അസംബ്ലിയുടെ അടിയന്തര സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വിളിച്ചിട്ടുണ്ട്. ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 54 ലെ സെക്ഷൻ (1) നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, 2025 മെയ് 5 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പ്രസിഡന്റ് ദേശീയ അസംബ്ലിയുടെ ഒരു യോഗം വിളിച്ചുചേർത്തിരിക്കുന്നു.’എന്നാണ് പാകിസ്ഥാൻ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന .
പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ അർദ്ധരാത്രിയിൽ തീരുമാനങ്ങൾ എടുക്കുന്നത് ഇതാദ്യമല്ല. നേരത്തെ, ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പുകൾ ഭയന്ന് പാകിസ്ഥാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ (എൻഎസ്എ) അധിക ഉത്തരവാദിത്തം അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക്കിന് നൽകിയതും രാത്രിയിലായിരുന്നു.
ഈ നിയമനത്തിനുള്ള ഔപചാരിക ഉത്തരവും രാത്രിയിൽ പുറത്തിറങ്ങി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് അസിം മാലിക് ഐഎസ്ഐ മേധാവിയായി ചുമതലയേറ്റത്. നേരത്തെ, പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതാവുള്ള തരാർ പുലർച്ചെ 2 മണിക്ക് പത്രസമ്മേളനം നടത്തി. അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തിയേക്കാമെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നായിരുന്നു അർധരാത്രി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ തരാർ പറഞ്ഞത്.
ഇന്ത്യ എടുത്ത കടുത്ത തീരുമാനങ്ങൾക്ക് ശേഷം, പാകിസ്ഥാൻ എല്ലാ രാത്രിയും നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഞായറാഴ്ച, തുടർച്ചയായ പത്താം ദിവസവും, ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, രജൗരി, സുന്ദർബാനി, അഖ്നൂർ മേഖലകളിൽ പാകിസ്ഥാനിൽ നിന്ന് ഷെല്ലാക്രമണം ഉണ്ടായി, ഇതിന് ഇന്ത്യൻ സൈന്യം ഉചിതമായ മറുപടിയും നൽകി.

