ഇസ്ലാമാബാദ്: ആഭ്യന്തര ഭീകരവാദത്തിന്റെ ഏറ്റവും വലിയ കെടുതികൾ അനുഭവിക്കുന്ന രാജ്യമായി 2024ൽ പാകിസ്താൻ മാറിയെന്ന് വ്യക്തമാക്കുന്ന അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. 2024ൽ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പാകിസ്താൻ എന്ന് ഗ്ലോബൽ ടെററിസം ഇൻഡക്സ് വ്യക്തമാക്കുന്നു. വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യക്ക് എതിരെ ഉപയോഗിക്കാൻ പാക് സർക്കാർ തന്നെ പാലൂട്ടി വളർത്തിയ തെഹ്രീക് ഇ താലിബാൻ പാകിസ്താൻ എന്ന സംഘടനയാണ് ഇപ്പോൾ മാതൃരാജ്യത്തിന് തന്നെ ഭീഷണിയായിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2024ൽ ലോകത്ത് ഏറ്റവും കൂടുതൽ മരണം വിതച്ച നാല് ഭീകര സംഘടനകളിൽ ഒന്നാണ് തെഹ്രീക് ഇ താലിബാൻ പാകിസ്താൻ എന്ന് 2025ലെ ഗ്ലോബൽ ടെററിസം ഇൻഡക്സ് വ്യക്തമാക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ്, ജമാത്ത് നുസ്രത്ത് അൽ ഇസ്ലാം വൽ മുസ്ലിമീൻ, അൽ ഷബാബ് എന്നിവയാണ് മറ്റ് മൂന്ന് സംഘടനകൾ.
2024ൽ ഈ ഭീകര സംഘടനകൾ നടത്തിയ വിവിധങ്ങളായ ആക്രമണങ്ങളിൽ ലോകത്താകമാനം 4024 പേർക്കാണ് ജീവഹാനി സംഭവിച്ചത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 11 ശതമനാം കൂടുതലാണ് ഇത്. ഇതിൽ തന്നെ, 80 ശതമാനം വർദ്ധനവാണ് തെഹ്രീക് ഇ താലിബാൻ പാകിസ്താൻ ഉണ്ടാക്കിയിരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
2024ലും ലോകത്തിലെ ഏറ്റവും ഭീകരമായ തീവ്രവാദി സംഘടനകൾ ഇസ്ലാമിക് സ്റ്റേറ്റും സഖ്യസംഘടനകളും തന്നെയാണ്. നിലവിൽ ലോകത്തിലെ 23 രാജ്യങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് സജീവമാണ്. 2023നെ അപേക്ഷിച്ച് ഒരു രാജ്യം കൂടി പോയ വർഷം ഐ എസിന്റെ സ്വാധീനത്തിൽ പെട്ടു.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തെഹ്രീക് ഇ താലിബാൻ പാകിസ്താൻ നടത്തിയ ആക്രമണങ്ങളിൽ 558 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യയിൽ 90 ശതമാനം വർദ്ധനവാണ് സംഘടന സൃഷ്ടിച്ചിരിക്കുന്നത്.
2023ൽ പാകിസ്താനിൽ ഉണ്ടായത് 517 ഭീകരാക്രമണങ്ങൾ ആയിരുന്നുവെങ്കിൽ 2024ൽ ഇത് 1099 ആയി ഉയർന്നു. 1081 മരണങ്ങളുമായി 2024ൽ ലോകത്തിലെ ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരകളിൽ ഒന്നായി മാറിയിരിക്കുകയാണ് പാകിസ്താൻ. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം പാകിസ്താനിലെ ഭീകരാക്രമണങ്ങളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്താന്റെ വടക്കൻ മേഖലകളിലാണ് ഭീകരാക്രമണങ്ങൾ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ടിടിപിയുടെ ആക്രമണങ്ങളിൽ 96 ശതമാനവും ഖൈബർ പക്തൂൺക്വ പ്രവിശ്യയിലാണ് എന്നതും ശ്രദ്ധേയമാണ്.

