ഇസ്ലാമാബാദ് : പാകിസ്ഥാനിൽ യാത്രാബസിനു നേരെ ആക്രമണം . 9 പേർ കൊല്ലപ്പെട്ടു. ക്വെറ്റയിൽ നിന്ന് ലാഹോറിലേക്ക് പോകുകയായിരുന്നു ബസ് . ബലൂചിസ്ഥാനിലെ സോബ് പ്രദേശത്ത് വെച്ച് തോക്കുധാരികൾ ബസിന് നേരെ ആക്രമണം നടത്തുകയായിരുന്നു .
കൊല്ലപ്പെട്ട എല്ലാ യാത്രക്കാരും പാകിസ്ഥാനിലെ പഞ്ചാബിൽ നിന്നുള്ളവരാണ് . സോബ് പ്രദേശത്ത് ദേശീയപാതയിൽ തോക്കുധാരികൾ ബസ് തടഞ്ഞുനിർത്തി യാത്രക്കാരോട് ഐഡന്റിറ്റി ചോദിച്ചതായി അസിസ്റ്റന്റ് കമ്മീഷണർ സോബ് നവീദ് ആലം പറഞ്ഞു. ഇതിനുശേഷം 9 പേരെ വെടിവച്ചു കൊലപ്പെടുത്തി . മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
ആക്രമണ സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എങ്കിലും, മുമ്പ് ബലൂച് സംഘടനകൾ പാകിസ്ഥാനിലും ബലൂചിസ്ഥാനിലും ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പ്രവിശ്യാ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് ഇതിനെ ഭീകര സംഭവമെന്നാണ് വിശേഷിപ്പിച്ചത് . “ഭീകരർ യാത്രക്കാരെ ബസിൽ നിന്ന് ഇറക്കിവിടുകയും പിന്നീട് അവരുടെ ഐഡന്റിറ്റി ചോദിക്കുകയും ചെയ്തു. അവർ 9 നിരപരാധികളെ കൊന്നു” ഷാഹിദ് പറഞ്ഞു.
ഈ വർഷം മാർച്ചിൽ, ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് ട്രെയിൻ ബലൂച് ലിബറേഷൻ ആർമി തട്ടിക്കൊണ്ടുപോയി. ട്രെയിനിൽ 400 ലധികം യാത്രക്കാർ ഉണ്ടായിരുന്നു. ബലൂച് ആർമി യാത്രക്കാരെയും ചില പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരെയും ബന്ദികളാക്കിയിരുന്നുവെന്ന് അവകാശപ്പെട്ടു. അതേസമയം, ക്വറ്റ, മസ്തുങ് എന്നിവയുൾപ്പെടെ ചില സ്ഥലങ്ങളിൽ മൂന്ന് തോക്കുധാരികൾ ആക്രമണം നടത്തിയതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട് . എന്നാൽ എല്ലാ ആക്രമണങ്ങളും സുരക്ഷാ സേന പരാജയപ്പെടുത്തിയതായി ബലൂച് സർക്കാർ വക്താവ് റിൻഡ് പറഞ്ഞു.

