ഇസ്ലാമാബാദ് ; മസ്ജിദുകൾക്കുള്ളിൽ നായ്ക്കളെ കെട്ടിയിട്ട് പാക് സൈന്യം . പാകിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വയിലെ ഗോത്ര മേഖലകളിലെ പള്ളികൾക്കുള്ളിലാണ് നായ്ക്കളെ കെട്ടിയിടുന്നത് . എതിർത്ത നാട്ടുകാരോട് “നിങ്ങളും , ഈ നായ്ക്കളും തുല്യരാണ് “ എന്നാണ് സൈനികർ പറഞ്ഞതെന്നും പാകിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വ (കെപി) മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി പറഞ്ഞു.സൈന്യം ഈ ആളുകളോട് മൃഗങ്ങളേക്കാൾ മോശമായി പെരുമാറുന്നുവെന്നും അഫ്രീദി പറയുന്നു.
ഖൈബർ പഖ്തൂൺഖ്വയിൽ സൈന്യം തുടർച്ചയായി ഓപ്പറേഷനുകൾ നടത്തുന്നുണ്ടെന്നും അത് യുദ്ധക്കുറ്റമായി കണക്കാക്കണമെന്നും അഫ്രീദി പറഞ്ഞു. “പള്ളിയുടെ പവിത്രത ലംഘിക്കുന്നുവെന്ന് ഞങ്ങൾ അവരോട് പറയുമ്പോൾ, ‘നിങ്ങളും ഈ നായ്ക്കളും വ്യത്യസ്തരല്ല’ എന്ന് അവർ ഞങ്ങളോട് പറയും,ഇതൊക്കെയാണെങ്കിലും, ഞങ്ങൾ ഇപ്പോഴും അവരെ പിന്തുണയ്ക്കുന്നു … പക്ഷേ എന്റെ ജനങ്ങളുടെ വേദന അവർക്ക് അറിയാമോ?”എന്നും അഫ്രീദി ചോദിച്ചു.
ഗോത്രത്തിലെ സ്ത്രീകളോടും പാക് സൈനികർ മോശമായി പെരുമാറിയതായി അഫ്രീദി പറഞ്ഞു . ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ അന്തസ്സിനെ മാനിക്കുന്നതിനായി അത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഖൈബർ പഖ്തൂൺഖ്വ ഗവർണർ ഫൈസൽ കരിം മുഖ്യമന്ത്രിയുടെ പരാമർശങ്ങളെ അപലപിച്ചു. മുഖ്യമന്ത്രി “സുരക്ഷാ സേനയെ അവഹേളിക്കുകയും കെപിയിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു” എന്നാണ് ഫൈസൽ കരിം പറയുന്നത്. “നമ്മുടെ മണ്ണിന്റെ ധീരരായ പുത്രന്മാർ നമ്മുടെ പ്രവിശ്യയെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിക്കുന്നു – അവരുടെ ഉദ്ദേശ്യത്തെ വികാരഭരിതമായ രീതിയിൽ ചോദ്യം ചെയ്യുന്നത് മനോവീര്യത്തിനും പൊതു സുരക്ഷയ്ക്കും ദോഷം ചെയ്യും.” ഗവർണർ പറഞ്ഞു.

