പഞ്ചാബ് ; പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ വ്യോമസേന വിമാനം തകർന്നുവീണു . ലാഹോറിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി വെഹാരി ജില്ലയിലെ പ്രാന്തപ്രദേശമായ റാട്ട ടിബ്ബയിലെ വയലിലാണ് പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) മിറാഷ് വി റോസ് പരിശീലന വിമാനം തകർന്നുവീണത്.
രണ്ട് പൈലറ്റുമാർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. അവർക്ക് നിസാര പരിക്കുകൾ ഏറ്റതായാണ് റിപ്പോർട്ട് . എങ്കിലും, ഇരുവരെയും അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെഹാരി നഗരത്തിനടുത്തുള്ള തിങ്കി വിമാനത്താവളത്തിൽ നിന്നാണ് പതിവ് പരിശീലന പറക്കലിനായി വിമാനം പറന്നുയർന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അത് തകർന്നു വീണു . “ആളപായമോ കെട്ടിടത്തിന് കേടുപാടുകളോ ഉണ്ടായിട്ടില്ല,” എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ചില സാങ്കേതിക തകരാർ കാരണമാണ് വിമാനം തകർന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വലിയൊരു സ്ഫോടനത്തിന് ശേഷം പുക ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. റെസ്ക്യൂ 1122, സൈനിക, പോലീസ് ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി. രണ്ട് പൈലറ്റുമാരെയും സൈനിക ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 1970-കൾ മുതൽ പാകിസ്ഥാൻ വ്യോമസേനയിലുള്ള യുദ്ധവിമാനമായ ഫ്രഞ്ച് മിറാഷ് 5-ന്റെ നവീകരിച്ച പതിപ്പാണ് മിറാഷ് വി റോസ്.

