ഇസ്ലാമാബാദ് ;പാകിസ്ഥാന്റെ കാപട്യത്തെ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടി പാക് നേതാവ് ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-എഫ് (ജെയുഐ-എഫ്) മേധാവി മൗലാന ഫസ്ലുർ റഹ്മാൻ . അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ചായിരുന്നു ‘മജ്ലിസ്-ഇ-ഇത്തേഹാദ്-ഇ-ഉമ്മത്’ സമ്മേളനത്തിലെ റഹ്മാന്റെ പ്രസംഗം .
‘ അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണങ്ങൾ സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കി . തീവ്രവാദികളെ ഉന്മൂലനം ചെയ്യാൻ ഇന്ത്യ പാകിസ്ഥാൻ പ്രദേശത്ത് പ്രവേശിക്കുമ്പോൾ രാജ്യത്തിന് എതിർപ്പിന് അടിസ്ഥാനമില്ല . അഫ്ഗാനിസ്ഥാനിൽ നമ്മുടെ ശത്രുവിനെ ആക്രമിച്ചു എന്ന് നിങ്ങൾ പറയുകയും അതിനെ ന്യായീകരിക്കുകയും ചെയ്താൽ, ബഹാവൽപൂർ, മുരിദ്കെ, കശ്മീരിലെ ആക്രമണത്തിന് ഉത്തരവാദികളായ ഗ്രൂപ്പുകളുടെ ആസ്ഥാനം എന്നിവ ആക്രമിച്ചു എന്ന് ഇന്ത്യക്കും പറയാൻ കഴിയും.
നിങ്ങൾക്ക് എങ്ങനെ എതിർപ്പുകൾ ഉന്നയിക്കാൻ കഴിയും? അതേ ആരോപണങ്ങൾ ഇപ്പോൾ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ ഉന്നയിക്കുന്നു. രണ്ട് നിലപാടുകളെയും നിങ്ങൾ എങ്ങനെ ന്യായീകരിക്കും.ബഹാവൽപൂരിലും മുരിദിലും (പാകിസ്ഥാനുള്ളിൽ) ഇന്ത്യ അവരുടെ ശത്രുവിനെ ലക്ഷ്യം വയ്ക്കുമ്പോൾ നിങ്ങൾ എന്തിനാണ് എതിർക്കുന്നത്.മുൻകാലങ്ങളിൽ, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ കുറയ്ക്കുന്നതിൽ ഞാൻ ഒരു പങ്കു വഹിച്ചിട്ടുണ്ട്, ഇപ്പോഴും എനിക്ക് അങ്ങനെ ചെയ്യാൻ കഴിയും” അദ്ദേഹം പറഞ്ഞു.
മേഖലയിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്ന ആളാണ് റഹ്മാൻ. താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്ദ്സാദയുമായി കൂടിക്കാഴ്ച നടത്തിയ ഏക പാകിസ്ഥാൻ നിയമസഭാംഗവും റഹ്മാനാണ്.

