ഇസ്ലാമാബാദ് : ബംഗ്ലാദേശിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടായാൽ ഇന്ത്യയ്ക്ക് പാകിസ്ഥാൻ സൈനിക തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ യുവ നേതാവ് കമ്രാൻ സയീദ് ഉസ്മാനി. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏതൊരു നീക്കവും പാകിസ്ഥാനിൽ നിന്നുള്ള തിരിച്ചടിയ്ക്ക് കാരണമാകുമെന്നാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലീം ലീഗിന്റെ യുവജന വിഭാഗത്തിന്റെ തലവനായ കമ്രാൻ സയീദ് ഉസ്മാനി വീഡിയോ സന്ദേശത്തിൽ പറയുന്നത്.
“ഇന്ത്യ ബംഗ്ലാദേശിന്റെ സ്വയംഭരണത്തെ ആക്രമിച്ചാൽ, ബംഗ്ലാദേശിനെതിരെ ആരെങ്കിലും ദുഷ്ടദൃഷ്ടിയോടെ നോക്കിയാൽ പാകിസ്ഥാനിലെ ജനങ്ങളും പാകിസ്ഥാൻ സായുധ സേനയും നമ്മുടെ മിസൈലുകളും വിദൂരമല്ലെന്ന് ഓർമ്മയുണ്ടാവണം . ഈ മേഖലയിലെ ഇന്ത്യയുടെ പദ്ധതികളെക്കുറിച്ച് മുസ്ലീം യുവാക്കൾ ജാഗ്രത പാലിക്കുന്നുണ്ട്. അത് ബംഗ്ലാദേശിലെ ജലാശയങ്ങൾ വിച്ഛേദിക്കുന്ന രൂപത്തിലായാലും, അത് രാജ്യദ്രോഹത്തിന്റെ രൂപത്തിലായാലും, ഒരു മുസ്ലീമിനെതിരെ ഒരു മുസ്ലീം പോരാട്ടം നടത്തുന്ന രൂപത്തിലായാലും ഇന്ത്യയുടെ “അഖണ്ഡ ഭാരത് പ്രത്യയശാസ്ത്രം” ബംഗ്ലാദേശിൽ അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും പാകിസ്ഥാൻ ചെറുത്ത് തോൽപ്പിക്കും “ കമ്രാൻ സയീദ് ഉസ്മാനി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ധാക്കയിൽ നടന്ന റാലിയിൽ പുതുതായി രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) യുടെ നേതാവായ ഹസ്നത്ത് അബ്ദുള്ളയും ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കി . “ബംഗ്ലാദേശിന്റെ പരമാധികാരം, സാധ്യത, വോട്ടവകാശം, മനുഷ്യാവകാശങ്ങൾ എന്നിവയെ മാനിക്കാത്ത ശക്തികൾക്ക് നിങ്ങൾ അഭയം നൽകിയാൽ ബംഗ്ലാദേശ് പ്രതികരിക്കുമെന്ന് ഞാൻ ഇന്ത്യയോട് വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു” ഹസ്നത്ത് അബ്ദുള്ള പറഞ്ഞു.

