ന്യൂഡൽഹി : 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും . കഴിഞ്ഞ ദിവസം വൈകുന്നേരം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിൽ നടന്ന അക്രമത്തിൽ 15 ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു . അതിനു പിന്നാലെയാണ് വെടിനിർത്തൽ. സങ്കീർണ്ണവും എന്നാൽ പരിഹരിക്കാവുന്നതുമായ ഈ പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും സംഭാഷണത്തിലൂടെ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുമെന്ന് പാകിസ്ഥാൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെട്ടതായി പാകിസ്ഥാൻ പ്രസ്താവനയിൽ പറഞ്ഞു . വെടിനിർത്തലിനെക്കുറിച്ചോ പോരാട്ടം താൽക്കാലികമായി നിർത്താൻ ആരാണ് ആവശ്യപ്പെട്ടതെന്ന പാകിസ്ഥാന്റെ അവകാശവാദത്തെക്കുറിച്ചോ അഫ്ഗാനിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ സൈനിക നടപടികളിൽ നിരവധി അഫ്ഗാൻ സുരക്ഷാ സൈനികരെയും തീവ്രവാദികളെയും തങ്ങൾ കൊന്നതായി പാക്ക് സൈന്യം പറഞ്ഞു.പ്രകോപനമില്ലാതെ’ നടന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനിടെ ടാങ്കുകളും സൈനിക പോസ്റ്റുകളും നശിപ്പിച്ചതായും പാക്ക് സൈന്യം പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ തെക്കൻ കാണ്ഡഹാറിലെ അതിർത്തി പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ 10 ഓളം പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പാകിസ്ഥാൻ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണം നടത്തിയതായും താലിബാൻ ആരോപിച്ചിരുന്നു.അഫ്ഗാനിസ്ഥാൻ തങ്ങളുടെ പ്രദേശത്ത് ഭീകരാക്രമണം നടത്തുന്ന ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത് . താലിബാൻ അധികാരം പിടിച്ചെടുത്ത 2021 മുതൽ ഈ ആക്രമണങ്ങൾ വർദ്ധിച്ചതായും പാകിസ്ഥാൻ പറയുന്നു.
എന്നാൽ ഇത് നിഷേധിച്ച അഫ്ഗാനിസ്ഥാൻ മറ്റ് രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ തങ്ങളുടെ ഭൂമി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

