ടെൽ അവീവ് : ലബനനിൽ നടത്തിയ പേജർ കൂട്ട സ്ഫോടനം തന്റെ അനുമതിയോടെയായിരുന്നുവെന്ന് വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഹിസ്ബുള്ളക്കെതിരെ നടത്തിയ ആസൂത്രിത ആക്രമണമാണ് പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾ. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെടുകയും മൂവായിരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പേജർ ആക്രമണത്തിന് അനുമതി നൽകിയ വിവരം നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമർ ദോസ്ത്രി വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. സെപ്റ്റംബർ 17, 18 തീയതികളിലാണ് ആക്രമണം നടന്നത്.
ഹിസ്ബുള്ള നേതാവ് നസറുള്ളയുടെ വധവും പേജർ ഓപ്പറേഷനും നടത്തിയത് ഇസ്രായേൽ പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ അവഗണിച്ചാണെന്നും ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാനും,ഹിസ്ബുള്ളയും നേരത്തെ ആരോപിച്ചിരുന്നു.
ലൊക്കേഷൻ ട്രാക്കിംഗ് ഒഴിവാക്കാനായി ഹിസ്ബുള്ള സംഘാംഗങ്ങൾ ആശയവിനിമയം നടത്തുന്നത് പേജറുകളും വാക്കി-ടോക്കികളും വഴിയായിരുന്നു. എന്നാൽ ഇസ്രായേൽ നടത്തിയ ഓപ്പറേഷനിൽ ഉപകരണങ്ങൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി ഭീകരർക്കാണ് അന്ന് കൈകാലുകൾ നഷ്ടപ്പെട്ടത് . പേജര്‍ ആക്രമണത്തിനെതിരേ ലബനന് ഐക്യരാഷ്ട്ര സഭ ലേബര്‍ ഏജന്‍സിക്ക് പരാതി നല്‍കിയിരുന്നു.