കാഠ്മണ്ഡു: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുശീല കാർക്കിക്കും സർക്കാരിനും കനത്ത തിരിച്ചടി . മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ പാർട്ടിയായ സി.പി.എൻ (യു.എം.എൽ) സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
സെപ്റ്റംബർ 12 ന് പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രസിഡന്റ് രാമചന്ദ്ര പൗഡലിന്റെ തീരുമാനത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഒലിയുടെ പാർട്ടിയായ സിപിഎൻ (യുഎംഎൽ) ന് പുറമേ, നിരവധി സ്വതന്ത്ര അഭിഭാഷകരും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും പാർലമെന്റ് പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് വെവ്വേറെ ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.
ജസ്റ്റിസ് പ്രകാശ്മാൻ സിംഗ് റൗട്ട് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇടക്കാല സർക്കാരിനോടും, രാഷ്ട്രപതിയുടെ ഓഫീസിനോടും, അറ്റോർണി ജനറലിന്റെ ഓഫീസിനോടും ഏഴ് ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള മറുപടികൾ സമർപ്പിക്കാൻ ഉത്തരവിട്ടു. പാർലമെന്റ് പിരിച്ചുവിടലും ഇടക്കാല സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ പഴയ കേസുകളും ചേർത്ത് ഈ വിഷയം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ പ്രധാനമന്ത്രിയായി നിയമിച്ചത് ഭരണഘടനയുടെ ആർട്ടിക്കിൾ 76, 132(2) എന്നിവയുടെ വ്യക്തമായ ലംഘനമാണ്, കാരണം ഭരണഘടന പ്രകാരം പ്രധാനമന്ത്രിക്ക് പാർലമെന്റ് അംഗമോ മുൻ പാർലമെന്റ് അംഗമോ ആകാൻ മാത്രമേ കഴിയൂ. സുശീല കാർക്കി ഒരിക്കലും പാർലമെന്റ് അംഗമായിരുന്നില്ല, അതിനാൽ അവരുടെ നിയമനം പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല സർക്കാർ രൂപീകരിച്ച രാഷ്ട്രപതിയുടെ നടപടി നിയമവിരുദ്ധമാണെന്നുംഇടക്കാല മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും റദ്ദാക്കുകയും പാർലമെന്റ് ഉടൻ പുനഃസ്ഥാപിക്കുകയും വേണമെന്നും ഹർജിയിൽ പറയുന്നു.
സെപ്റ്റംബർ 9 ന്, “ജനറൽ ഇസഡ്” നയിച്ച പ്രതിഷേധങ്ങൾ അക്രമാസക്തമായിരുന്നു . രണ്ട് ദിവസത്തെ അക്രമത്തിൽ 76 പേർ മരിച്ചു. പിന്നലെ കെ.പി. ശർമ്മ ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി.മുൻ നേപ്പാളി ജഡ്ജി സുശീല കാർക്കി സെപ്റ്റംബർ 12 ന് ഇടക്കാല പ്രധാനമന്ത്രിയായി നിയമിതയായി. പ്രസിഡന്റ് രാമചന്ദ്ര പൗഡലിന്റെ ശുപാർശ പ്രകാരം അന്നുതന്നെ പ്രതിനിധി സഭ പിരിച്ചുവിട്ടു.

