ധാക്ക : ബംഗ്ലാദേശിൽ കലാപം രൂക്ഷം . ഇടക്കാല സർക്കാരിന്റെ മുൻ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ചിറ്റഗോങ്ങിലെ വീട് അക്രമികൾ അഗ്നിക്കിരയാക്കി.അവാമി ലീഗിന്റെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് തിരിച്ചെത്താൻ പദ്ധതിയിടുന്നതിനിടെയാണ് രാജ്യത്ത് കലാപം രൂക്ഷമായിരിക്കുന്നത് . ബംഗ്ലാദേശ് നാഷലിസ്റ്റ് പാർട്ടി നേതാവായ താരിഖ് റഹ്മാൻ അവാമിലീഗിനെ രാഷ്ട്രീയമായി നേരിടാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുകയും, രാഷ്ട്രീയ നീക്കങ്ങളെ ചെറുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ചിറ്റഗോങ്ങിലെ പഞ്ചലൈഷ് പ്രദേശത്തുള്ള വീടിന്റെ താഴത്തെ നിലയിലെ ആരും ഉപയോഗിക്കാത്ത മുറികളോട് ചേർന്നാണ് തീ പിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. അജ്ഞാതരായ ചിലരാണ് മുറിയ്ക്ക് തീയിട്ടത് . പ്രദേശത്ത് പട്രോളിംഗിൽ ഉണ്ടായിരുന്ന പൊലീസ് എത്തിയാണ് തീ അണച്ചത്.താഴത്തെ നിലയിൽ ആരും താമസിച്ചിരുന്നില്ലെന്നും അത് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നും പഞ്ചലൈഷ് പോലീസ് സ്റ്റേഷൻ ഇൻചാർജ് മൊസാമ്മെൽ ഹഖ് പറഞ്ഞു. കെട്ടിടത്തിന്റെ രണ്ടാമത്തെയും , മൂന്നാമത്തെയും നിലകളിൽ യൂനുസിന്റെ രണ്ട് സഹോദരന്മാരുടെ കുടുംബങ്ങളാണ് താമസിക്കുന്നത്.
അതേസമയം ആക്രമണങ്ങൾക്ക് പിന്നിൽ അവാമി ലീഗാണെന്നും ആരോപണമുണ്ട്. ഹസീനയ്ക്ക് ബംഗ്ലാദേശ് വിട്ടു പോകേണ്ടി വന്ന് രണ്ട് വർഷത്തിനു ശേഷം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ടായിട്ടും തെരുവിലിറങ്ങി ശക്തി അറിയിക്കാനുള്ള ശ്രമമാണ് അവാലി ലീഗ് നടത്തുന്നതെന്നാണ് സൂചന.
അഞ്ച് ദിവസത്തെ പ്രതിഷേധ പരിപാടികളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത് . ഇതിന്റെ സമാപനമെന്ന നിലയിൽ ഇന്ന് രാജ്യവ്യാപകമായി കടകളും മറ്റ് ഓഫീസുകളും അടച്ചിടാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച കത്തികൾ, കോടാലികൾ, മറ്റ് ആയുധങ്ങൾ എന്നിവയുമായി അവാമി ലീഗ് പ്രവർത്തകർ പ്രകടനങ്ങൾ നടത്തുകയും, റോഡുകൾ ഉപരോധിക്കുകയും, പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തുങ്കിപ്പാറ പൊലീസ് സ്റ്റേഷനിലേയ്ക്ക് കഴിഞ്ഞ ദിവസം കലാപകാരികൾ ഇരച്ചു കയറുകയും കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിച്ച് സ്റ്റേഷനും, വാഹനങ്ങൾക്കും തീയിടുകയും ചെയ്തിരുന്നു.
ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിട്ടുപോകേണ്ടി വന്നപ്പോൾ രൂപീകരിച്ച ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായാണ് മുഹമ്മദ് യൂനുസ് അധികാരമേറ്റത്.ഈ പ്രക്ഷോഭത്തിൽ ഇസ്ലാമിസ്റ്റുകൾ നുഴഞ്ഞു കയറിയിരുന്നു.ഹസീന രാജ്യം വിടുന്നതിന് വളരെ മുമ്പുതന്നെ പ്രക്ഷോഭകർ യൂനുസുമായി ബന്ധപ്പെട്ടിരുന്നുവെന്നും പിന്നീട് വ്യക്തമായി.

