തിരുവനന്തപുരം ; അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജനെയും , സംസ്ഥാനസമിതിയംഗം ടി വി രാജേഷിനെയും , ശ്യാംജിത്തിനെയും കുറ്റവിമുക്തരാക്കിയതിൽ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലികുട്ടി. തങ്ങൾ വെറുതെയിരിക്കാൻ പോകുന്നില്ലെന്നും, സാധ്യമായ എല്ലാ നിയമവഴികളും തേടുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറയുന്നത് .
കൊലയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നത് വ്യക്തമാണ് . സാക്ഷികൾ എത്താതിരുന്നതാണ് കോടതിയിൽ തിരിച്ചടിയായത് . സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ഷുക്കൂർ എന്ന ബാലനെ മൃഗീയമായും, അതീവ പൈശാചികവുമായാണ് കൊലപ്പെടുത്തിയതെന്ന് എല്ലാവർക്കും അറിയാം.
അത് യാദൃശ്ചികമായി സംഭവിച്ച കൊലപാതകമല്ല . വിളിച്ചിറക്കി കൊണ്ടുപോയി ആസൂത്രിതമായി വധിക്കുകയായിരുന്നു. സാക്ഷികൾ ഭയന്ന് കോടതിയിൽ വരാതിരുന്നതാണ് തിരിച്ചടിയായത്. പല സാക്ഷികളും മുറ്റത്ത് വരെ വന്നിട്ട് മടങ്ങിയത് പല മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. സാക്ഷികൾക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന കാര്യം എല്ലാവർക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി സിബിഐ പ്രത്യേക കോടതിയാണ് പി ജയരാജനെ ഉൾപ്പെടെ കുറ്റവിമുക്തരാക്കിയത്. കേസിലെ മറ്റ് പ്രതികളായ ടിവി രാജേഷ്, ഉമേശൻ, ഗണേശൻ, ശ്യാം ജിത്ത്, പ്രകാശൻ , അജയൻ, രാജീവൻ എന്നിവരാണ് ജയരാജനൊപ്പം കുറ്റവിമുക്തരായവർ. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതിയായ അനൂപ്, 7-ാംപ്രതി പവിത്രന്, 9 മനോഹരന്, 10 -ാം പ്രതി ദിനേശന് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം നേതാക്കളടക്കം പതിനെട്ട് പേരെയാണ് കോടതി കേസിൽ വെറുതെ വിട്ടത്. ഒന്നാം പ്രതി സുമേഷ് ഉൾപ്പെടെയുള്ള പതിമൂന്ന് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽകുമെന്നും കോടതി പ്രതികരിച്ചു.
വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിംലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും പ്രതികരിച്ചു.

