ക്വാലാലംപൂർ ; രാജ്യത്ത് ഗോമാംസം വിളമ്പുന്നത് നിരോധിക്കണമെന്ന് മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടിയായ പാർടി ഹതി രക്യാത് മലേഷ്യ . രാജ്യത്തെ മതപരമായ വികാരങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഔദ്യോഗിക പരിപാടികളിൽ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും വികാരങ്ങളെ മാനിക്കണമെന്നും, ഗോമാംസം വിളമ്പുന്നത് നിരോധിക്കണമെന്നും ആവശ്യം ഉയർന്നത് .
ചാൻ സെ യുവെൻ നയിക്കുന്ന പുതുതായി രൂപീകരിച്ച പ്രതിപക്ഷ പാർട്ടിയാണ് പാർടി ഹതി രക്യാത് മലേഷ്യ . മുസ്ലീം വികാരങ്ങളെ മാനിച്ച് പന്നിയിറച്ചിയും മദ്യവും ഒഴിവാക്കുന്നതുപോലെ, എല്ലാ ഔദ്യോഗിക വിരുന്നുകളിലും ഗോമാംസം നിരോധിക്കുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്ന് ചാൻ മന്ത്രിസഭയോട് ആവശ്യപ്പെട്ടു. ഔദ്യോഗിക ടൂറിസം പരിപാടിയിൽ മദ്യം വിളമ്പുന്നതിനെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണിത്.
മലേഷ്യയിലെ ജനസംഖ്യയുടെ ഏകദേശം 7 ശതമാനം വരുന്ന ഹിന്ദുക്കളുടെയും ചില ബുദ്ധമത സമൂഹങ്ങളുടെയും ഭക്ഷണ നിയന്ത്രണങ്ങൾ മാനിക്കുന്നതിന് ഗോമാംസം നിരോധിക്കണമെന്നാണ് ചാൻ തന്റെ നിർദ്ദേശത്തിൽ പറയുന്നത് . അടുത്തിടെ ഗ്ലോബൽ ട്രാവൽ മീറ്റ് 2025-നായി സർക്കാർ സംഘടിപ്പിച്ച ഗാല ഡിന്നറിൽ മദ്യം വിളമ്പിയത് പ്രതിഷേധത്തിന് കാരണമായിരുന്നു . ഒക്ടോബർ 7-ന് പരിപാടിയിൽ മദ്യം അനുവദിച്ചതിന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ടൂറിസം മന്ത്രി ഡാറ്റുക് സെരി ടിയോങ് കിംഗ് സിംഗിനെ പരസ്യമായി ശാസിക്കുകയും ചെയ്തു.
ഇസ്ലാമിക മാനദണ്ഡങ്ങളെ മാനിക്കുന്നതിനായി ഔദ്യോഗിക ചടങ്ങുകളിൽ മദ്യവും പന്നിയിറച്ചി പോലുള്ള ഹലാൽ ഇതര ഭക്ഷണങ്ങൾ നിരോധിക്കുന്ന പഴയ രീതി മുസ്ലീം ഭൂരിപക്ഷ മലേഷ്യയിലുണ്ട്. മദ്യം വിളമ്പിയ സംഭവം യാഥാസ്ഥിതിക മുസ്ലീം ഗ്രൂപ്പുകളിൽ നിന്നും രാഷ്ട്രീയ വ്യക്തികളിൽ നിന്നും ശക്തമായ വിമർശനങ്ങൾക്ക് കാരണമായി. വിഷയം മന്ത്രിസഭയിലേക്ക് എത്തിക്കുമെന്ന് യുണൈറ്റഡ് മലയസ് നാഷണൽ ഓർഗനൈസേഷൻ പ്രസിഡന്റ് അഹമ്മദ് സാഹിദ് ഹമീദി പറഞ്ഞു.
ഔദ്യോഗിക പരിപാടികളിൽ ബീഫ് നിരോധിക്കുന്നതിനെ മലേഷ്യയിലെ ചില പ്രമുഖർ അനുകൂലിക്കുന്നുമുണ്ട് . മുസ്ലിം ഇതര മതപരമായ ഭക്ഷണരീതികൾക്ക് സമാനമായ പരിഗണന നൽകാതെ സർക്കാർ ഇസ്ലാമിക മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് “കപടത”യാണെന്ന് രാഷ്ട്രീയ നിരൂപകൻ പ്രൊഫസർ ജെയിംസ് ചിൻ ഫോക്കസ് പറഞ്ഞു.
അത്തരം പരിപാടികളിൽ മദ്യത്തോടൊപ്പം ബീഫ് നിരോധിക്കുന്നത് എല്ലാ സമൂഹങ്ങളെയും ബഹുമാനിക്കുന്നതിനുള്ള ന്യായമായ വിട്ടുവീഴ്ചയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു . വലതുപക്ഷ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മന്ത്രിയെ ശാസിച്ചതിന് അദ്ദേഹം പ്രധാനമന്ത്രിയെ വിമർശിച്ചു.
ചില ഹിന്ദു, ബുദ്ധ ഗ്രൂപ്പുകളും ബീഫ് നിരോധന നിർദ്ദേശത്തെ പിന്തുണയ്ക്കുന്നുണ്ട് . ഈ ആശയം തങ്ങളുടെ വിശ്വാസങ്ങളുടെ അംഗീകാരമാണെന്ന് അവർ പറയുന്നു. “മലേഷ്യ സഹിഷ്ണുത പ്രസംഗിക്കുന്നു, പക്ഷേ പരസ്പര ധാരണ പാലിക്കണം . മുസ്ലീങ്ങൾക്ക് മദ്യം നിരോധിക്കുകയാണെങ്കിൽ, ബീഫ് ഹിന്ദുക്കൾക്ക് ആയിരിക്കണം – അല്ലാത്തപക്ഷം അത് കപടമാണ്.”ചാൻ സെ യുവാൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

