ടെഹ്റാൻ : ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഇറാനിൽ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത് . ഖമേനി സർക്കാരിനെതിരെ സ്ത്രീകളടക്കം ശബ്ദമുയർത്തുന്നു. ഈ പ്രതിഷേധക്കാർക്കെതിരെ അക്രമാസക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത് . പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഖമേനി സർക്കാർ രാജ്യത്തുടനീളം ഇന്റർനെറ്റ് പോലും പ്രവർത്തന രഹിതമാക്കി.
എന്നാൽ ഇപ്പോൾ ഖമേനി സർക്കാരിനെ വെല്ലുവിളിച്ച് പ്രതിഷേധക്കാരെ സഹായിക്കുന്നതിനായി ഇലോൺ മസ്ക് രംഗത്തെത്തിയിരിക്കുകയാണ്. മസ്കിന്റെ സ്പേസ് എക്സ് ഇറാനിൽ അതിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ “സ്റ്റാർലിങ്ക്” ആരംഭിച്ചു കഴിഞ്ഞു . എന്നാൽ ഇപ്പോൾ സ്റ്റാർലിങ്കും അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ് ഖമേനി. റഷ്യൻ സാങ്കേതികവിദ്യയും ചൈനീസ് ഉപകരണങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധക്കാർക്കിടയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ ഇന്റർനെറ്റും സോഷ്യൽ മീഡിയയും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത് മനസിലാക്കിയ ഖമേനി ഭരണകൂടം ജനുവരി 8 ന് രാജ്യത്തുടനീളമുള്ള ഇന്റർനെറ്റ് സേവനം കട്ടാക്കി .ക്ലൗഡ്ഫ്ലെയർ റഡാർ റിപ്പോർട്ട് അനുസരിച്ച്, ഇറാനിലെ ഇന്റർനെറ്റ് സേവനം ഇപ്പോൾ ഏറെ താഴ്ന്ന നിലയിലാണ്.VPN, പ്രോക്സി സേവനങ്ങളും നിഷ്ക്രിയമാണ്.
റുബിക, ഈറ്റ തുടങ്ങിയ സർക്കാർ നിരീക്ഷണത്തിലുള്ള ആപ്പുകളും തടഞ്ഞു. ബാങ്കിംഗ് സേവനങ്ങൾ, സ്നാപ്പ്, തപ്സി പോലുള്ള ക്യാബ് ബുക്കിംഗ് ആപ്പുകൾ, ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ, അന്താരാഷ്ട്ര ഫോൺ കോളുകൾ എന്നിവയും ഇറാനിൽ തടഞ്ഞു.
ഈ നടപടികൾ പ്രതിഷേധങ്ങളെ ശാന്തമാക്കുമെന്ന് സർക്കാർ കരുതിയെങ്കിലും പക്ഷേ അവ ജനരോഷം വർദ്ധിപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു. അതുകൊണ്ടാണ് ഖമേനി സർക്കാരിനെതിരെ കൂടുതൽ ആളുകൾ തെരുവിലിറങ്ങുന്നത്. ജനുവരി 8 ന് സർക്കാർ ഇന്റനെറ്റ് സേവനം കട്ടാക്കിയതിനു പിന്നാലെ ജനുവരി 9 ന്, മസ്കിന്റെ കമ്പനിയായ സ്പേസ് എക്സ്, ഇറാനിൽ സൗജന്യ സ്റ്റാർലിംഗ് ഇന്റർനെറ്റ് സേവനം ആരംഭിച്ചു. സ്റ്റാർലിംഗ് ടെർമിനലുകളുള്ള പ്രതിഷേധക്കാർ സർക്കാർ നിയന്ത്രണങ്ങൾ മറികടന്ന് ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങി.
2022-ലെ മഹ്സ അമിനി പ്രസ്ഥാനത്തിലും 2019-ലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിലും സ്റ്റാർലിങ്ക് പ്രധാന പിന്തുണ നൽകി . ഇപ്പോൾ സ്റ്റാർലിംഗ് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും അതിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതും ഇറാനിൽ നിരോധിച്ചിരിക്കുന്നു. എന്നിട്ടും ആയിരക്കണക്കിന് സ്റ്റാർലിംഗ് ടെർമിനലുകൾ രാജ്യത്തേക്ക് എത്തി.നിലവിൽ ഇറാനിൽ ഏകദേശം 40,000 മുതൽ 50,000 വരെ സ്റ്റാർലിംഗ് വരിക്കാർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇറാനിയൻ സർക്കാർ ശക്തമായ മിലിട്ടറി-ഗ്രേഡ് ജാമറുകൾ ഉപയോഗിക്കുന്നു. ഇത് സ്റ്റാർലിങ്കിന്റെ അപ്ലിങ്ക്, ഡൗൺലിങ്ക് ഡാറ്റയിൽ ഗണ്യമായ നഷ്ടം വരുത്തുന്നു. ജനുവരി 9 ആയപ്പോഴേക്കും ഈ നഷ്ടം 30 ശതമാനത്തിൽ നിന്ന് 80 ശതമാനമായി വർദ്ധിച്ചു.ടെർമിനലുകളെയും ഉപഗ്രഹങ്ങളെയും ബന്ധിപ്പിക്കുന്നതിന് സ്റ്റാർലിങ്ക് ജിപിഎസിനെ ആശ്രയിക്കുന്നതിനാൽ ഇറാനിയൻ അധികൃതർ ജിപിഎസ് സിഗ്നലുകളും തടസപ്പെടുത്തി.
തന്റെ 20 വർഷത്തെ ഗവേഷണ അനുഭവത്തിൽ, ഇറാനിയൻ സർക്കാർ സ്റ്റാർലിങ്ക് തടയാൻ ഉപയോഗിക്കുന്നതുപോലുള്ള സൈനിക-ഗ്രേഡ് ജാമറുകൾ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് മിയാൻ ഗ്രൂപ്പിലെ ഇന്റർനെറ്റ് ഗവേഷകനും ഇന്റർനെറ്റ് സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ റൈറ്റ്സ് ഡയറക്ടറുമായ അമീർ റാഷിദി, പറയുന്നത് . അത്തരം നൂതന സാങ്കേതികവിദ്യ ഇറാൻ തന്നെ വികസിപ്പിച്ചെടുത്തതാണെന്നും അല്ലെങ്കിൽ റഷ്യയോ ചൈനയോ ഇറാന് നൽകിയതാണെന്നും റാഷിദി പറഞ്ഞു.

