വാഷിംഗ്ടൺ : മയക്കുമരുന്ന്, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് അമേരിക്ക തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്ന് വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് . വെനിസ്വേലയുടെ “എണ്ണ” എന്ന ഒരൊറ്റ യഥാർത്ഥ ലക്ഷ്യം പിന്തുടരാൻ യുഎസ് ഇവയെ ഒരു മറയായി ഉപയോഗിക്കുന്നുവെന്നും അവർ പറഞ്ഞു. വെനിസ്വേലൻ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു റോഡ്രിഗസ് . എല്ലാ കക്ഷികൾക്കും പ്രയോജനപ്പെടുന്ന ഊർജ്ജ ബന്ധങ്ങൾക്ക് തങ്ങൾ തയ്യാറാണെന്നും അവർ പറഞ്ഞു.
“നമ്മൾ ഒരു ഊർജ്ജ സൂപ്പർ പവറാണ്. ഇത് ഞങ്ങൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു, കാരണം നമ്മുടെ എണ്ണയോടുള്ള യുഎസിന്റെ അത്യാഗ്രഹം നമ്മുടെ രാജ്യത്തിന്റെ വിഭവങ്ങൾ ഏറ്റെടുക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. മയക്കുമരുന്ന് കടത്ത്, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള എല്ലാ തെറ്റായ അവകാശവാദങ്ങളും ഞങ്ങൾ നിരാകരിച്ചു. വെനിസ്വേലയുടെ എണ്ണയ്ക്ക് മേൽ പിടിമുറുക്കാൻ ഇവയെല്ലാം യുഎസിന്റെ ഒഴികഴിവുകളായിരുന്നു.
ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. വാണിജ്യ കരാറുകളിൽ സാമ്പത്തിക സഹകരണം വ്യക്തമായി നിർവചിച്ചിരിക്കുന്നതിനാൽ, എല്ലാ കക്ഷികൾക്കും പ്രയോജനകരമായ ഊർജ്ജ ബന്ധങ്ങൾക്ക് വെനിസ്വേല തുറന്നിരിക്കുന്നു. ഇതാണ് ഞങ്ങളുടെ നിലപാട്.നിക്കോളാസ് മഡുറോയെ പുറത്താക്കാനുള്ള യുഎസ് അധിനിവേശം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിഴൽ വീഴ്ത്തിയിട്ടുണ്ടെന്നും എന്നാൽ യുഎസുമായുള്ള വ്യാപാരം ഇന്നും അസാധാരണമോ നടപ്പിലാക്കാൻ കഴിയാത്തതോ അല്ല ‘ എന്നും ഡെൽസി റോഡ്രിഗസ് പറഞ്ഞു.
വെനിസ്വേലൻ സർക്കാരിൽ നിന്ന് യുഎസിന് പൂർണ്ണ സഹകരണം ലഭിക്കുന്നുണ്ടെന്ന് ട്രമ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെനിസ്വേലയുടെയും അതിന്റെ വിശാലമായ എണ്ണ ശേഖരത്തിന്റെയും നിയന്ത്രണം വർഷങ്ങളോളം നിലനിർത്തുമെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഡെൽസി റോഡ്രിഗസിന്റെ പ്രസ്താവനകൾ .

