ജറുസലേം : ഇസ്രായേൽ നഗരമായ ബാറ്റ് യാമിൽ മൂന്ന് ബസുകളിൽ ബോംബ് സ്ഫോടനം . പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ യോഗം ചേരാനിരിക്കെയാണ് സ്ഫോടനങ്ങൾ നടന്നത് . സംഭവത്തിനു പിന്നിൽ “പലസ്തീൻ തീവ്രവാദ സംഘടനകൾ” ആണെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആരോപിച്ചു.
ബസുകളിൽ മൂന്ന് ബോംബുകൾ പൊട്ടിത്തെറിച്ചപ്പോൾ രണ്ടെണ്ണം നിർവീര്യമാക്കിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
“കൂടുതൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്താനായി പോലീസ് ബോംബ് നിർമാർജന യൂണിറ്റുകൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സംശയാസ്പദമായ വസ്തുക്കൾക്കായി ജാഗ്രത പാലിക്കാനും ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു,” പോലീസ് കുറിപ്പിൽ പറയുന്നു.രാജ്യത്തുടനീളമുള്ള ബസ് ഡ്രൈവർമാരോട് കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങൾ പറഞ്ഞു.
സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച ഉപകരണങ്ങൾ ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ കണ്ടെത്തിയതിന് സമാനമാണെന്ന് മധ്യ ഇസ്രായേലിൽ നിന്നുള്ള പോലീസ് കമാൻഡർ ഹൈം സർഗറോഫ് പറഞ്ഞു.

