ടെഹ്റാൻ : ഇറാനെതിരെ ഇസ്രായേൽ ആക്രമണം . ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ മധ്യഭാഗത്തായാണ് മൂന്ന് വലിയ സ്ഫോടനങ്ങൾ ഉണ്ടായത് . സ്ഫോടനങ്ങൾക്ക് ശേഷം സുരക്ഷാ സേന സ്ഥലത്തെത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ റിപ്പബ്ലിക് പ്രദേശത്ത് നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്.നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല . വ്യോമാതിർത്തികൾ അടച്ചു.
ഇസ്രായേലിന്റെ പല ഭാഗങ്ങളിലും സൈറണുകൾ മുഴങ്ങി. ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതായി നിലവിൽ റിപ്പോർട്ടുകളൊന്നുമില്ല. ടെൽ അവീവ്, ബെൻ ഗുരിയോൺ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ടെഹ്റാനിലില്ല. അദ്ദേഹത്തെ “സുരക്ഷിത സ്ഥലത്തേക്ക്” മാറ്റിയതായി ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) രഹസ്യാന്വേഷണ വിഭാഗത്തെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധ്യ ടെഹ്റാനിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യത്തുടനീളം “പ്രത്യേകവും സ്ഥിരവുമായ അടിയന്തരാവസ്ഥ” പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.രാജ്യമെമ്പാടും സൈറണുകൾ മുഴക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു . സാധ്യമായ മിസൈൽ ആക്രമണത്തിന് തയ്യാറെടുക്കാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ സൈന്യം പറഞ്ഞു. രാജ്യത്തുടനീളം സാധാരണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന് മറ്റൊരു പ്രസ്താവനയിൽ പറഞ്ഞു. സ്കൂളുകൾ അടക്കും, ഒത്തുചേരലുകൾ നിരോധിക്കും, അവശ്യ സേവനങ്ങൾ ഒഴികെയുള്ള ഓഫീസുകളും അടക്കും.

