ന്യൂഡൽഹി : ഗാസ പൂർണ്ണമായും കൈവശപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും, ഹമാസിൽ നിന്ന് ഗാസയെ മോചിപ്പിച്ച് സമാധാനപരമായ ഭരണം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഗാസ നഗരം നിയന്ത്രിക്കാനുള്ള ഓപ്പറേഷന് അംഗീകാരം നൽകിയതിനു പിന്നാലെയാണ് ഈ പ്രസ്താവന.
“യുദ്ധമേഖലകൾക്ക് പുറത്തുള്ള സാധാരണ ജനങ്ങൾക്ക് മാനുഷിക സഹായം വിതരണം ചെയ്യുന്നതിനൊപ്പം ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഐഡിഎഫ് [ഇസ്രായേൽ പ്രതിരോധ സേന] തയ്യാറാകും,” പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
“ഗാസ നിരായുധീകരിക്കപ്പെടുകയും അവിടെ ഒരു സിവിൽ ഭരണകൂടം സ്ഥാപിക്കപ്പെടുകയും ചെയ്യും, അത് പലസ്തീൻ അതോറിറ്റിയോ ഹമാസോ മറ്റ് തീവ്രവാദ സംഘടനയോ ആയിരിക്കില്ല. ഇത് നമ്മുടെ ബന്ദികളെ മോചിപ്പിക്കാനും ഗാസ ഭാവിയിൽ ഇസ്രായേലിന് ഭീഷണിയാകുന്നത് തടയാനും സഹായിക്കും.”എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ നിരായുധീകരണം , ഗാസ മുനമ്പിന്റെ സൈനികവൽക്കരണം , ഹമാസോ പലസ്തീൻ അതോറിറ്റിയോ അല്ലാത്ത ഒരു ബദൽ സിവിൽ ഭരണകൂടം സ്ഥാപിക്കൽ , എല്ലാ ബന്ദികളുടെയും തിരിച്ചുവരവ് എന്നിവയ്ക്കാണ് നിലവിൽ ഇസ്രായേൽ പ്രാധാന്യം നൽകുന്നത് . ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസുമായുള്ള സംഭാഷണത്തിലും നെതന്യാഹു ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു.

