ടെൽഅവീവ് : ഹിസ്ബുള്ള കമാൻഡർ അബു അലി റിദയെ വധിച്ച് ഇസ്രായേൽ . തെക്കൻ ലെബനനിലെ ബരാചിറ്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് അബു അലി റിദ കൊല്ലപ്പെട്ടത് .
ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിൽ പങ്കാളിയായ പലസ്തീൻ ഇസ്ലാമിക് ജിഹാദ് സംഘടനയിലെ ഭീകരനേയും ഇസ്രായേൽ പ്രതിരോധ സേന വധിച്ചു . പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ രഹസ്യാന്വേഷണ വിഭാഗ അംഗമായ അഹമ്മദ് അൽ ദാലുവിനെയാണ് വ്യോമസേന വധിച്ചത്. ലെബനനിലെ ഇസ്രായേലിനെതിരെ തുടർച്ചയായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്ന ഭീകരനാണ് റിദ.
കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ സേനയിലെ അംഗങ്ങളെ ലക്ഷ്യമിട്ട് സ്ഥാപിച്ച കുഴിബോംബുകൾ കണ്ടെത്തി തിരിച്ചറിഞ്ഞ് നശിപ്പിച്ചിരുന്നു. പിന്നാലെ മേഖലയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ഭീകരരെ കണ്ടെത്തുകയും ആയുധങ്ങൾ നശിപ്പിക്കുകയുമായിരുന്നു. ബറാചത്ത് മേഖലയിൽ റോക്കറ്റ് ആക്രമണങ്ങൾ അടക്കം നടത്തുന്നത് റിദയുടെ നേതൃത്വത്തിലായിരുന്നു.
ലെബനനിൽ പലയിടങ്ങളിലും സൈന്യം തിരച്ചിൽ തുടരുകയാണ്. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ഉൾപ്പെടെ തകർത്താണ് സൈന്യം മുന്നോട്ട് പോകുന്നത്. തിരച്ചിൽ നടത്തുന്ന പല സ്ഥലങ്ങളിൽ നിന്നും വലിയ ആയുധശേഖരങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. റിദയുടെ മരണവിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെ ലെബനനിൽ ഹിസ്ബുള്ളയുടെ ആക്രമണം ഉണ്ടായതായി ഐ ഡി എഫ് പ്രസ്താവനയിൽ പറയുന്നു . 60 ഓളം മിസൈലുകളാണ് ഹിസ്ബുള്ള തൊടുത്തത് . എന്നാൽ അതെല്ലാം തകർത്തതായും ഐ ഡി എഫ് അറിയിച്ചു.