ടെഹ്റാൻ : അമേരിക്കൻ സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്ന ഇറാനിയൻ പോരാളികൾക്ക് 30,000 ഡോളർ (₹2.8 ദശലക്ഷത്തിലധികം) ഇനാം പ്രഖ്യാപിച്ച് ഇറാനിയൻ സൈനിക കമാൻഡർ . ടെഹ്റാനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഇറാനിയൻ ആർമി കമാൻഡർ-ഇൻ-ചീഫ് അമീർ ഹതാമി ഇക്കാര്യം അറിയിച്ചത്.
ഒരു അമേരിക്കൻ സൈനികനെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്ന ഏതൊരു ഇറാനിക്കും ഇറാനിയൻ ജനതയിൽ നിന്ന് 30,000 ഡോളർ പാരിതോഷികം ലഭിക്കുമെന്നാണ് അമീർ ഹതാമി പറയുന്നത്. സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്ത സമയത്താണ് ഹതാമിയുടെ പ്രസ്താവന . ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ നീക്കവും ഇറാൻ നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം യുഎസ് സെൻട്രൽ കമാൻഡിന്റെ തലവനായ അഡ്മിറൽ ബ്രാഡ് കൂപ്പർ തന്റെ 10 ദിവസത്തെ പ്രാദേശിക പര്യടനത്തിനിടെ അറേബ്യൻ കടലിൽ വിന്യസിച്ചിരിക്കുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ലിങ്കൺ സന്ദർശിച്ചു. ജനുവരിയിൽ മിഡിൽ ഈസ്റ്റിൽ എത്തിയ യുഎസ്എസ് ലിങ്കൺ ഇറാനെതിരായ യുഎസിന്റെ ഏറ്റവും കരുത്തുറ്റ ആയുധമാണ്.240 ദിവസത്തിലധികം തുടർച്ചയായി കടലിൽ ചെലവഴിച്ചതിന്റെ റെക്കോർഡും ഈ വിമാനവാഹിനിക്കപ്പലിനാണ് . യുഎസ്എസ് ലിങ്കണിന് 5,000 നാവികരെയും മറൈൻ സൈനികരെയും വരെ ഉൾക്കൊള്ളാൻ കഴിയും.
കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ നടന്ന രണ്ട് ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടു. മുതിർന്ന ഹിസ്ബുള്ള കമാൻഡർമാരായ അബു ഹസ്സൻ അലാ, അലി സമീർ അൽ-ഹജ് ഹസ്സൻ എന്നിവരെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ജൂണിൽ ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്.

