ടെഹ്റാൻ : ഹിജാബ് നിയമങ്ങൾ ലംഘിക്കുന്നവരെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ഇറാൻ. ഇറാൻ വനിതാ-കുടുംബക്ഷേമ വകുപ്പ് മേധാവി മെഹ്രി തലേബിയാണ് ഇക്കാര്യം പ്രസ്താവിച്ചത്.
ഹിജാബ് നീക്കം ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടി ശാസ്ത്രീയവും മനശാസ്ത്രപരവുമായി ചികിത്സ ക്ലിനിക്കുകൾ വഴി നൽകാനാണ് തീരുമാനമെന്ന് പ്രസ്താവനയിൽ പറയുന്നു . ‘ഹിജാബ് റിമൂവൽ ട്രീറ്റ്മെന്റ് ക്ലിനിക്ക്’ എന്ന പേരിലാണ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് . ക്ലിനിക്കിന്റെ മേൽനോട്ടം വഹിക്കുന്നവർ ഇറാൻ പരമോന്നത നേതാവ് അലി ഖമേനിക്ക് റിപ്പോർട്ടുകൾ നൽകും.അതേസമയം ഇത്തരം ക്ലിനിക്കുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി സ്ത്രീ സംഘടനകൾ രംഗത്തെത്തി .
സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. ഇറാനിൽ കുറച്ചു കാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്.
ഇറാന്റെ ഹിജാബ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം അറിയിച്ച് സർവകലാശാല ക്യാമ്പസിൽ 25കാരിയായ വിദ്യാർത്ഥിനി മേൽവസ്ത്രം അഴിച്ച് നടന്ന് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം.