വാഷിംഗ്ടൺ ; ഇറാനിലെ പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .”ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധങ്ങൾ തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കൂ! കൊലപാതകികളുടെയും ദുരുപയോഗം ചെയ്തവരുടെയും പേരുകൾ ഓർമ്മിക്കുക. അവർ കനത്ത വില നൽകേണ്ടിവരും. പ്രതിഷേധക്കാരെ വിവേകശൂന്യമായി കൊല്ലുന്നത് നിർത്തുന്നത് വരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കി. സഹായം എത്തിക്കൊണ്ടിരിക്കുന്നു.” എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ ട്രംപ് കുറിച്ചത്.
ഇറാനിലെ സുപ്രധാന യുഎസ് നീക്കത്തെ സൂചിപ്പിക്കുന്നതാണ് ട്രമ്പിന്റെ ഈ പോസ്റ്റ്.. സൈനിക നടപടിയുടെ ഭീഷണികൾ ഉയർന്നതിനെത്തുടർന്ന്, ചർച്ചകൾ നടത്താനുള്ള ശ്രമത്തിൽ ഇറാൻ നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.ഇറാന്റെ മതനേതൃത്വത്തിനെതിരെ (ഖമേനി ഭരണകൂടത്തിനെതിരെ) അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇറാന്റെ നാടുകടത്തപ്പെട്ട രാജകുമാരൻ റെസ പഹ്ലവി അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇറാനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോൾ അക്രമാസക്തമായിരിക്കുകയാണ്. രണ്ടായിരത്തിലധികം പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ഇറാനിലെ തെരുവുകളിൽ സർക്കാർ കെട്ടിടങ്ങളും സ്വത്തുക്കളും അഗ്നിക്കിരയാകുന്നുണ്ട്.

