ന്യൂഡൽഹി ; രാജ്യത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണം അത്ഭുതപ്പെടുത്തിയെന്ന് ഖത്തർ .പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള ശ്രമത്തിനിടെ ഇറാൻ നടത്തിയ ആക്രമണം ഗുരുതരമാണെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഖത്തറിന്റെ പരമാധികാരത്തിന്റെയും, വ്യോമപാതയുടെയും , രാജ്യാന്തരനിയമങ്ങളുടെയും യുഎന്‍ ഉടമ്പടിയുടേയും മേലുള്ള കനത്ത ലംഘനമാണിതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഡോ . മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
ഇറാനിൽ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പ്രതികാരമായി, യുഎസ് സൈനികരെ പാർപ്പിക്കുന്ന ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ കഴിഞ്ഞ ദിവസമാണ് ഇറാന്റെ മിസൈലാക്രമണം ഉണ്ടായത് . 12 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തത്. . ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങളിൽ മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആക്രമണത്തിനുശേഷം, ഖത്തർ വ്യോമാതിർത്തി അടച്ചു. ദോഹയിലേക്ക് പോകുന്ന വിമാനങ്ങളുടെ റൂട്ടുകളും മാറ്റിയിരുന്നു.
ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന ഇറാനിയൻ മുന്നറിയിപ്പിനെത്തുടർന്ന് ഖത്തർ തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിരുന്നു . അതിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടനങ്ങൾ ഉണ്ടായെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഔദ്യോഗിക സ്ഥിരീകരണമില്ല.
മിസൈലുകൾ എത്തുന്നതായി രാജ്യത്തിന്റെ വ്യോമനിരീക്ഷണ സംവിധാനങ്ങൾ കണ്ടെത്തിയെന്നും , 11 എണ്ണവും സമുദ്രത്തിനു മുകളിൽ വച്ച് നശിപ്പിച്ചതായും, ഒരെണ്ണം വ്യോമത്താവളത്തിനുള്ളിൽ വീണതായും ആഭ്യന്തര മന്ത്രാലയം വക്താവ് ജബര്‍ അല്‍ നുഐമി പറഞ്ഞു.തോതില്‍ തീപിടിത്തത്തിന് ഇടയാക്കിയെങ്കിലും പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയതിനാല്‍ ആര്‍ക്കും പരുക്കോ ആളപായമോ ഇല്ല.
ഇറാനിൽ നിന്നുള്ള ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദേശീയ വ്യോമാതിർത്തി അടച്ചിടുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖത്തറിലെ തങ്ങളുടെ പൗരന്മാർക്ക് അഭയം നൽകാൻ യുഎസും യുകെയും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഈ തീരുമാനം. മേഖലയിലെ യുഎസ് സേനയുടെ തന്ത്രപ്രധാന കേന്ദ്രമായ അൽ ഉദൈദ് വ്യോമതാവളം ഇപ്പോൾ ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്.
ഇറാനിയൻ പ്രദേശത്തേക്ക് ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ. ഇന്ന്, ഇറാന്റെ കുപ്രസിദ്ധമായ എവിൻ ജയിലും ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ആസ്ഥാനവും ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടു. ഭൂഗർഭ ഫോർഡോ സൈറ്റ് ഉൾപ്പെടെ മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിനെത്തുടർന്നാണ് മേഖലയിൽ സംഘർഷം വർദ്ധിച്ചത്.
ദോഹയുടെ തെക്ക് പടിഞ്ഞാറ് 24 ഹെക്ടർ (60 ഏക്കർ) വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന അൽ ഉദൈദ് വ്യോമതാവളം യുഎസ് സെൻട്രൽ കമാൻഡിന്റെ (CENTCOM) ആസ്ഥാനമായി പ്രവർത്തിക്കുന്നു. പടിഞ്ഞാറ് ഈജിപ്ത് മുതൽ കിഴക്ക് കസാക്കിസ്ഥാൻ വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശത്തുടനീളമുള്ള അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് CENTCOM മേൽനോട്ടം വഹിക്കുന്നു. പ്രതിരോധ സഹകരണ കരാറിന്റെ കീഴിൽ 1996 ൽ സ്ഥാപിതമായ അൽ ഉദൈദ്, ഏകദേശം 10,000 സൈനികരുള്ള മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് താവളമാണ്.

