വാഷിംഗ്ടൺ ; വെനിസ്വേലയുടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കി. മയക്കുമരുന്ന് ഭീകരവാദ കുറ്റങ്ങളിൽ താൻ കുറ്റക്കാരനല്ലെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. വെനിസ്വേലയുടെ പ്രസിഡന്റായി താൻ തുടരുമെന്നും മഡുറോ പ്രഖ്യാപിച്ചു.
കോടതിയിൽ ആദ്യമായി ഹാജരായപ്പോൾ നിക്കോളാസ് മഡുറോ പരിഭാഷകനിലൂടെയാണ് തന്റെ വാദങ്ങൾ നിരത്തിയത് . “വെനിസ്വേലയിലെ കാരക്കാസിലുള്ള എന്റെ വീട്ടിൽ വെച്ചാണ് എന്നെ അറസ്റ്റ് ചെയ്തത്. ഞാൻ നിരപരാധിയാണ്, ഞാൻ കുറ്റക്കാരനല്ല. ഞാൻ മാന്യനായ ഒരു മനുഷ്യനാണ്,” മഡുറോ സ്പാനിഷിൽ പറഞ്ഞു. തന്നെ തട്ടിക്കൊണ്ടു വന്നതാണെന്നും നിക്കോളാസ് മഡുറോ യുഎസ് കോടതിയിൽ ഹാജരാക്കുന്നതിനിടെ ജഡ്ജിയോട് പറഞ്ഞു. മാർച്ച് 17 ന് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും വീണ്ടും കോടതിയിൽ ഹാജരാകും.
അതേസമയം വെനിസ്വേലയെ യുഎസ് നയിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പറയുന്നത് . “സുരക്ഷിതവും ഉചിതവും നീതിയുക്തവുമായ ഒരു മാറ്റം സാധ്യമാകുന്നതുവരെ ഞങ്ങൾ രാജ്യം ഭരിക്കും . മറ്റൊരാൾ അധികാരത്തിൽ വരാനും കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലനിൽക്കുന്ന അതേ സാഹചര്യം നേരിടാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ ഞങ്ങൾ തന്നെ രാജ്യം ഭരിക്കും “ എന്നാണ് ട്രംപ് പറയുന്നത് . മറ്റ് രാജ്യങ്ങൾക്ക് വലിയ അളവിൽ എണ്ണ വിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

