ബ്രാംപ്ടൺ : കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിലെ ഭക്തർക്ക് നേരെ ഖാലിസ്ഥാനികളുടെ ആക്രമണം . ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാൻ ഭീകരർ കൂട്ടമായെത്തി ഭക്തർക്ക് നേരെ വടി വീശി ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.തീവ്രവാദികൾ. ലക്ഷ്മി നാരായണ ക്ഷേത്രത്തിലും സമാനമായ രീതിയിൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ഖാലിസ്ഥാൻ ഭീകരസംഘടനയുടെ കൊടികളുമായാണ് അക്രമികൾ എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആക്രമണത്തിന് ഇരയായതായി ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ ആരോപിച്ചു. ബ്രാംപ്ടണിൽ ക്ഷേത്രത്തിലെത്തിയെ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
” ബ്രാംപ്ടണിലെ ഹിന്ദുസഭാ മന്ദിറിലുണ്ടായ അക്രമസംഭവങ്ങൾ അംഗീകരിക്കാനാകുന്നതല്ല. കാനഡയിലെ ഓരോ പൗരനും അവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കാനും ആചരിക്കാനും അവകാശമുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും” ട്രൂഡോ കൂട്ടിച്ചേർത്തു. സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, എന്നാൽ അക്രമം അംഗീകരിക്കില്ലെന്നും പീൽ റീജിയണൽ പൊലീസ് ചീഫ് നിഷാൻ പറഞ്ഞു.
ഖാലിസ്ഥാൻവാദികൾ എല്ലാ സീമകളും മറികടക്കുകയാണെന്ന് കനേഡിയൻ എംപി ചന്ദ്ര ആര്യ വിമർശിച്ചു. ആക്രമണത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരാധാനാലയങ്ങൾ സുരക്ഷിതത്വമുള്ള ഇടങ്ങളാണെന്നും, അവിടെ നടക്കുന്ന ഏതൊരു അക്രമസംഭവത്തേയും ശക്തമായി അപലപിക്കുകയാണെന്നും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ പറഞ്ഞു.
അതേസമയം കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. ഭാവിയിൽ ഇത്തരം പരിപാടികൾ നടത്തുന്നത് പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഖാലിസ്ഥാൻ ഭീകരരെ പിന്തുണയ്ക്കുന്ന ട്രൂഡോയുടെ ഇന്ത്യ വിരോധം മുൻപ് നിരവധി തവണ പ്രകടമായതാണ്.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷമാണ് ഇരു രാജ്യങ്ങലും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് പിന്നാലെ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.