ഗാസ ; ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന കമാൻഡർ ഹഖാം മുഹമ്മദ് ഇസ്സ അൽ-ഇസ്സ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഹമാസിന്റെയും അതിന്റെ സൈനിക വിഭാഗത്തിന്റെയും സ്ഥാപക അംഗമായ അൽ-ഇസ്സ, ഇസ്രായേൽ പ്രതിരോധ സേനയും (ഐഡിഎഫ്) ഇസ്രായേൽ സുരക്ഷാ ഏജൻസിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്.
ഐഡിഎഫിന്റെ കണക്കനുസരിച്ച്, ഗാസ മുനമ്പിൽ അവശേഷിക്കുന്ന അവസാനത്തെ മുതിർന്ന ഹമാസിന്റെ നേതാക്കളിൽ ഒരാളായിരുന്നു അൽ-ഇസ്സ. ഹമാസിന്റെ പോരാട്ട പിന്തുണാ ആസ്ഥാനത്തിന്റെ തലവനുമായിരുന്നു ഇസ്സ. ഹമാസിന്റെ സൈനിക ആസൂത്രണത്തിൽ ഇസ്സ പ്രധാന പങ്ക് വഹിച്ചിരുന്നു . ഹമാസ് ഭീകരരെ പരിശീലിപ്പിക്കുന്നതിലും പങ്കാളിയായിരുന്നു.2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ അൽ-ഇസ്സ സഹായിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു .
സമീപ ദിവസങ്ങളിൽ ഇസ്രായേലി സിവിലിയന്മാർക്കും സൈനികർക്കും എതിരായ ആക്രമണങ്ങൾ നടത്തിയതിലും ഇസ്സയ്ക്ക് പങ്കുണ്ട്. “ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ സ്ഥാപകരിലൊരാളായ ഹഖാം മുഹമ്മദ് ഇസ്സ അൽ-ഇസ്സയെ ഇല്ലാതാക്കി. ഒക്ടോബർ 7 ലെ കൂട്ടക്കൊലയ്ക്ക് ഹമാസിന്റെ സേനാ രൂപീകരണത്തിനും പരിശീലനത്തിനും ആസൂത്രണം ചെയ്യുന്നതിനും ഇസ്സ നേതൃത്വം നൽകി. കോംബാറ്റ് സപ്പോർട്ട് മേധാവി എന്ന നിലയിൽ, ഇസ്രായേലികൾക്കെതിരായ വ്യോമ, നാവിക ആക്രമണങ്ങളിൽ ഇസ്സ പങ്കാളിയായി . ഒക്ടോബർ 7 ലെ കൂട്ടക്കൊലയിൽ ഉൾപ്പെട്ട എല്ലാ തീവ്രവാദികളെയും കണ്ടെത്തി ഇല്ലാതാക്കുന്നത് ഐഡിഎഫും ഐഎസ്എയും തുടരും,” ഐഡിഎഫ് എക്സിൽ പോസ്റ്റ് ചെയ്തു.
അതേസമയം ഗാസ സിറ്റിയിലെ അൽ-തുഫ ജനവാസ മേഖലയില്‍ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തില്‍ 20 പലസ്തീനികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ വിവിധ ആക്രമണങ്ങളിൽ 81 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

