ദാവോ : ഫിലിപ്പീൻസിൽ ശക്തമായ ഭൂകമ്പം . നാഷണൽ സെന്റർ ഓഫ് സീസ്മോളജി പ്രകാരം 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ശനിയാഴ്ച പുലർച്ചെ ഫിലിപ്പീൻസിൽ ഉണ്ടായത്.
ഫിലിപ്പീൻസിലെ മിൻഡാനാവോയിൽ ഭൂമിക്കടിയിൽ നിന്ന് 105 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവും ആഴവും കണക്കാക്കുന്നത്. ഭൂചലനത്തിൽ ഭയന്ന ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി. ഭൂകമ്പത്തിൽ ജീവഹാനിയോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് പ്രാഥമിക വിവരങ്ങളിൽ ഇതുവരെ അറിവായിട്ടില്ല.
ഫിലിപ്പീൻസിൽ ഇതിനുമുമ്പ് നിരവധി ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതും വളരെ അപകടകരമായിരുന്നു. 2023 ഡിസംബർ 2 ന് ഫിലിപ്പീൻസിലെ മിൻഡാനാവോയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.
2023 നവംബർ 17 ന് മിൻഡാനാവോയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇതിനുശേഷം, ദാവോ, സുരിഗാവോ ഡെൽ സുർ എന്നീ തീരദേശ പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.

