ന്യൂ ഡൽഹി: പത്താം ക്ലാസ് പരീക്ഷയിൽ മൂന്നാം ഭാഷ നിർബന്ധമാക്കുമെന്ന് സി ബി എസ് ഇ. 2031 ബാച്ച് മുതൽ ഇത് പൂർണ്ണ തോതിൽ നിലവിൽ വരും. ഇതിന്റെ ഭാഗമായി, 2026-27 അദ്ധ്യയന വർഷം മുതൽ ആറാം ക്ലാസിൽ മൂന്നാം ഭാഷ പഠനം ഉൾപ്പെടുത്തുമെന്ന് സി ബി എസ് ഇ അധികൃതർ അറിയിച്ചു.
2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരങ്ങൾ. മൂന്ന് ഭാഷകൾ പഠിപ്പിക്കുന്നതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകൾ ആയിരിക്കണം എന്ന് നിർബന്ധമുണ്ട്. കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും, ഇന്ത്യൻ ഭാഷാ പഠനം കാര്യക്ഷമാക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് ഭാഷാ പണ്ഡിതർ അഭിപ്രായപ്പെടുന്നു.
മൂന്നാം ഭാഷയ്ക്ക് പുറമേ 9,10 ക്ലാസ്സുകളിൽ കല, തൊഴിൽ പരിശീലനം, ശാരീരിക ക്ഷമതാ പരിശീലനം എന്നിവയും നിർബന്ധമാക്കും. കല, ശാരീരിക ക്ഷമതാ പരിശീലനം എന്നിവ ആന്തരികമായി വിലയിരുത്തുമ്പോൾ, നൈപുണ്യ പരിശീലനം നിർബന്ധിതമാക്കും. 2027-28 അദ്ധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കും.
കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം കൂടി പാഠ്യപദ്ധതിയുടെ ഭാഗമാക്കും. 2029 മുതൽ ഇത് നടപ്പിലാക്കുമെന്ന് സി ബി എസ് ഇ വ്യക്തമാക്കി.

