വാഷിംഗ്ടൺ ; ഖത്തറിന്റെ സുരക്ഷ ഉറപ്പുനൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ദോഹയെ ആക്രമിക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും യുഎസ് സൈനിക നടപടി സ്വീകരിക്കുമെന്ന് അതിൽ പറയുന്നു. കഴിഞ്ഞ മാസം ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു . യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചിരുന്നു.
‘ഖത്തറിനെതിരായ ആക്രമണം അമേരിക്കയ്ക്ക് ഭീഷണിയാണ്’ എന്നാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നത് . “ഖത്തറിനെതിരായ ഏതൊരു സൈനിക ആക്രമണവും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി കണക്കാക്കും. അത്തരമൊരു ആക്രമണം ഉണ്ടായാൽ, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് അമേരിക്കയും ഖത്തറും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ നടപടികൾ സ്വീകരിക്കും” എന്ന് എക്സിക്യൂട്ടീവ് ഉത്തരവ് ഉറപ്പുനൽകുന്നു.
പല ഗൾഫ് രാജ്യങ്ങളെയും പോലെ ഖത്തറും യുഎസ് സൈനികർക്ക് ആതിഥേയത്വം വഹിക്കുകയും വാഷിംഗ്ടണിൽ നിന്ന് സുരക്ഷാ ഗ്യാരണ്ടി നേടുകയും ചെയ്യുന്നു. യുഎസ് സഖ്യകക്ഷിയായ ഇസ്രായേലിന്റെ സമീപകാല ആക്രമണം ഖത്തർ അധികാരികൾക്ക് തിരിച്ചടിയായി മാറിയിരുന്നു.
ഖത്തറിനെതിരായ വ്യോമാക്രമണത്തിന് ശേഷം, ദോഹ ഹമാസിന് സുരക്ഷിത താവളമൊരുക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിൽ മധ്യസ്ഥത വഹിക്കുന്നതിൽ ഖത്തർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിന് ശേഷം, തങ്ങളുടെ മുതിർന്ന നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ് അവകാശപ്പെട്ടുവെങ്കിലും , 2023 ഒക്ടോബറിൽ ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ട ഖലീൽ അൽ ഹയ്യയുടെ മകൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
“ഏതെങ്കിലും രാജ്യം ദോഹയെ ആക്രമിച്ചാൽ ഉടനടി പ്രതികരണം ഉറപ്പാക്കിക്കൊണ്ട് ഖത്തറിനായുള്ള സുരക്ഷാ പദ്ധതി വികസിപ്പിക്കുന്നതിന് പ്രതിരോധ സെക്രട്ടറി സ്റ്റേറ്റ് സെക്രട്ടറിയുമായും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുമായും ചേർന്ന് പ്രവർത്തങ്ങൾ ഏകോപിപ്പിക്കും” എന്നും എക്സിക്യൂട്ടീവ് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

