ടെഹ്റാൻ : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖമേനി സർക്കാരിനെതിരെ ഇറാനിലുടനീളം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ഇപ്പോൾ ഇതിൽ അമേരിക്ക ഇടപെട്ടിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖമേനി സർക്കാരിനെ ഭീഷണിപ്പെടുത്തിയെന്നാണ് സൂചന . ട്രംപിന്റെ ഭീഷണിയോട് ഖമേനി സർക്കാർ ശക്തമായി തന്നെ പ്രതികരിച്ചിട്ടുമുണ്ട് . മറ്റുള്ളവരെ മാറ്റിനിർത്തി സ്വന്തം സൈനികരിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ഖമേനിയുടെ അടുത്ത ഉപദേഷ്ടാവ് പറഞ്ഞു.
“ഇറാൻ സമാധാനപരമായ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും അവരുടെ പതിവ് പോലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്താൽ, അമേരിക്ക അവരുടെ സഹായത്തിനെത്തും. ഞങ്ങൾ പൂർണ്ണമായും നടപടിയെടുക്കാൻ തയ്യാറാണ്” എന്ന് പറഞ്ഞാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖമേനി സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.
“നമ്മുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലുടനീളം കുഴപ്പങ്ങൾ വ്യാപിപ്പിക്കുന്നതിന് തുല്യമാണെന്ന് അമേരിക്ക അറിയണം, ട്രംപ് ഇതിനകം തന്നെ അത് ആരംഭിച്ചു കഴിഞ്ഞു. അദ്ദേഹം സ്വന്തം സൈനികരെക്കുറിച്ച് വിഷമിക്കണം.”ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ചുകൊണ്ട് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു.
ഇറാനിൽ, സാമ്പത്തിക തകർച്ചയ്ക്കെതിരെ ഖമേനി സർക്കാരിനെതിരെ പ്രതിഷേധിച്ച് നിരവധി പേർ തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്കെതിരെ ഇറാൻ സർക്കാർ കർശനമായ നിലപാട് സ്വീകരിക്കുന്നുമുണ്ട്. നിരവധി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ലോർഡെഗനിൽ രണ്ട് പേരും അജ്നയിൽ മൂന്ന് പേരും മരിച്ചതായി റിപ്പോർട്ടുണ്ട്. കുഹ്ദാഷിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും രാത്രിയിൽ കൊല്ലപ്പെട്ടു. നിരവധി നഗരങ്ങളിലായി നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

