ബെംഗളൂരു : കർണാടകയിലെ അധികാരത്തർക്കം രൂക്ഷമാകുന്നു. രണ്ട് ദിവസം മുൻപാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെ കർണാടകയിലെ പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്ന് പറഞ്ഞത് . എന്നാൽ അതിനു പിന്നാലെ ഇപ്പോൾ സോണിയ ഗാന്ധി ‘അധികാരം ത്യജിച്ചവരാണ്’ എന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ഡികെ ശിവകുമാർ .സിദ്ധരാമയ്യയുടെ മുന്നിൽ വച്ചായിരുന്നു ഡികെയുടെ ഈ പരാമർശം
ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിലാണ്, യുപിഎ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷവും പ്രധാനമന്ത്രിയാകാനുള്ള അവസരം സോണിയ ഉപേക്ഷിച്ചതിനെക്കുറിച്ച് ഡി.കെ. സംസാരിച്ചത് . പകരം റിസർവ് ബാങ്ക് ഗവർണറായും കേന്ദ്ര ധനമന്ത്രിയായും സേവനമനുഷ്ഠിച്ച മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മൻമോഹൻ സിങ്ങിനെ അവർ ഉയർത്തിക്കാട്ടിയെന്നും ഡി.കെ. പറഞ്ഞു.
“സോണിയ ഗാന്ധി 20 വർഷം കോൺഗ്രസ് പ്രസിഡന്റായിരുന്നു. അവർ അധികാരവും ത്യജിച്ചു… അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് അബ്ദുൾ കലാം അവരെ അടുത്ത പ്രധാനമന്ത്രിയാകാൻ വിളിച്ചെങ്കിലും അവർ വിസമ്മതിക്കുകയും രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയുന്ന ഒരാളായി മൻമോഹൻ സിങ്ങിനെ നിർദ്ദേശിക്കുകയും ചെയ്തു.സിദ്ധരാമയ്യ നയിക്കുന്ന ഈ കോൺഗ്രസ് സർക്കാരിനൊപ്പം എപ്പോഴും തുടരുക . 2028 ലെ തിരഞ്ഞെടുപ്പിൽ ഞങ്ങളെ ഒരിക്കൽ കൂടി അനുഗ്രഹിക്കണം “ എന്നും ഡികെ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം വാക്കാണ് ശക്തിയെന്നും, വാക്ക് പാലിക്കുന്നതാണ് ശക്തിയെന്നും ശിവകുമാർ പറഞ്ഞിരുന്നു . അത് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ഡികെഎസിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ 2023 ൽ ഉണ്ടാക്കിയ കരാറിനെ കുറിച്ചാണെന്നും സൂചനകളുണ്ട്.

