കാഠ്മണ്ഡു : നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,200 കവിഞ്ഞു. 4,000 ത്തിലധികം പേരെ കാണാതായതായാണ് റിപ്പോർട്ടുകൾ . കാഠ്മണ്ഡുവിലെ പ്രധാന ആശുപത്രിയായ ത്രിഭുവനിൽ 165 തിരിച്ചറിയാത്ത മൃതദേഹങ്ങളുണ്ട്. മൃതദേഹങ്ങളിൽ നിന്ന് വിരലടയാളങ്ങളോ മറ്റ് തിരിച്ചറിയൽ രേഖകളോ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറയുന്നു.
കാഠ്മണ്ഡുവിന്റെ വടക്ക്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലാണ് അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. മൃതദേഹങ്ങൾ കൂടുതൽ നേരം സൂക്ഷിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ശവസംസ്കാരം ആരംഭിച്ചത്. മരിച്ചവരെ തിരിച്ചറിയാൻ സഹായിക്കുന്നതിന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട് . എല്ലാവരുടെയും കൃത്യമായ സ്ഥാനം രേഖപ്പെടുത്തുന്നതിന് ഓരോ ശ്മശാന സ്ഥലത്തും പ്രത്യേക നമ്പറുകളും വിവര ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ തിരിച്ചറിഞ്ഞാൽ, ശവക്കുഴികൾ വീണ്ടും തുറക്കാനും ആവശ്യമുള്ളപ്പോൾ മൃതദേഹങ്ങൾ പുറത്തെടുക്കാനും കഴിയുന്ന തരത്തിലാണ് ഈ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ചിത്വാനിലും മൃതദേഹങ്ങൾ താൽക്കാലികമായി സംസ്കരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ പിന്നീട് പുറത്തെടുക്കാൻ കഴിയുന്ന തരത്തിൽ 1.5 മീറ്റർ താഴ്ചയിലാണ് ഇവ സംസ്കരിക്കുന്നത്.
മലയാളികൾ ഉൾപ്പെടെയുള്ള കാണാതായ ഇന്ത്യക്കാർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നേപ്പാൾ പോലീസ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലും ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലും ഇന്ത്യയിൽ നിന്നുള്ള ഫോറൻസിക് സംഘം ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. ത്രിശൂലി ജലവൈദ്യുത പദ്ധതി പ്രദേശത്തെ തുരങ്കത്തിനുള്ളിൽ ഇന്ത്യൻ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

