കാഠ്മണ്ഡു : പ്രതിഷേധത്തെ തുടർന്ന് കാഠ്മണ്ഡുവിൽ നടപ്പിലാക്കിയ കർഫ്യൂ പിൻവലിച്ചു. ഇന്ന് പുലർച്ചെ 5 മണി മുതലാണ് അവ പിൻവലിച്ചത്. നേപ്പാളിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് സ്ഥിതി സാധാരണ നിലയിലായതിന് ശേഷമാണ് സൈന്യം ഈ തീരുമാനമെടുത്തത്. എന്നിരുന്നാലും കുറച്ച് ദിവസങ്ങൾ കൂടി സൈന്യം തെരുവുകളിൽ തുടരുമെന്നാണ് വിവരം.
പ്രധാനമന്ത്രി സുശീല കർക്കിയുടെ ശുപാർശ പ്രകാരം പ്രസിഡന്റ് രാമചന്ദ്ര പൗഡൽ നിലവിലെ പ്രതിനിധി സഭ പിരിച്ചുവിട്ട് പുതിയ പ്രതിനിധി സഭയുടെ തിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിച്ചു. 2026 മാർച്ച് 5 ന് മുമ്പ് നേപ്പാളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
അതേ സമയം നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ നേപ്പാളിന്റെ പുതുതായി നിയമിതയായ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിയെ സന്ദർശിച്ച് അവരെ അഭിനന്ദിച്ചു. ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധ്യമായ എല്ലാ സഹായവും അദ്ദേഹം നേപ്പാളിന് ഉറപ്പ് നൽകി. രാഷ്ട്രപതി ഭവനിലെ ശീതൾ നിവാസിൽ സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ അവരെ സന്ദർശിച്ച ആദ്യ വിദേശ നയതന്ത്രജ്ഞനായിരുന്നു നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ.
കർക്കിയുടെ നിയമനത്തിന് അദ്ദേഹം ആശംസകൾ നേർന്നു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്ക് അഭിനന്ദനങ്ങളും ആശംസകളും അയച്ചതായും പറഞ്ഞു. ഇന്ത്യയുടെ അഭിനന്ദനങ്ങൾ സ്വീകരിച്ച സുശീല കാർക്കി ഈ ദുഷ്കരമായ സമയത്ത് നിന്ന് നേപ്പാളിനെ കരകയറ്റാൻ ഇന്ത്യയിൽ നിന്ന് വലിയ സഹായം പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു. നേപ്പാളിലെ ജനങ്ങളുടെ താൽപ്പര്യാർത്ഥം ഇന്ത്യ എല്ലാ പിന്തുണയും നൽകുന്നത് തുടരുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് കർക്കിയിൽ പറഞ്ഞു.
ഇതിന് മറുപടിയായി ഇന്ത്യ എപ്പോഴും നേപ്പാളിനും നേപ്പാളിലെ ജനതയ്ക്കുമൊപ്പം നിലകൊള്ളുന്നുവെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. പുനർനിർമ്മാണം മുതൽ നേപ്പാളിലെ പൊതുതെരഞ്ഞെടുപ്പ് വരെ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അംബാസഡർ ശ്രീവാസ്തവ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മേഖലകളുടെയും വികസനത്തിനായി നേപ്പാളിലെ ഇടക്കാല സർക്കാരുമായി പ്രവർത്തിക്കാനും വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും തയ്യാറാണെന്നും ഇന്ത്യൻ അംബാസഡർ കൂട്ടിച്ചേർത്തു.

