ഇസ്ലാമാബാദ് ; പാകിസ്ഥാനിലെ ഏഴ് വ്യത്യസ്ത ജില്ലകളിൽ നിന്ന് എടുത്ത പരിസ്ഥിതി സാമ്പിളുകളിൽ വൈൽഡ് പോളിയോവൈറസ് ടൈപ്പ് 1 (WPV1) സ്ഥിരീകരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) നൽകിയ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത് . ഇത് പാകിസ്ഥാനിൽ പോളിയോ നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. ആരോഗ്യ സംഘടനകളും ആശങ്കയിലാണ്.
ഇസ്ലാമാബാദിലെ എൻഐഎച്ചിന്റെ പോളിയോ നിർമ്മാർജ്ജനത്തിനായുള്ള റീജിയണൽ ലബോറട്ടറി നൽകിയ വിവരങ്ങൾ അനുസരിച്ച്, പാകിസ്ഥാന്റെ നിലവിലുള്ള പരിസ്ഥിതി നിരീക്ഷണ പരിപാടിയുടെ ഭാഗമായി 2025 മെയ് 8 നും മെയ് 23 നും ഇടയിൽ സാമ്പിളുകൾ ശേഖരിച്ചു. റിപ്പോർട്ട് അനുസരിച്ച്, തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വാദർ, ക്വറ്റ, കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടി, വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൗത്ത് വസീരിസ്ഥാൻ അപ്പർ, സൗത്ത് വസീരിസ്ഥാൻ ലോവർ, തെക്കൻ സിന്ധ് പ്രവിശ്യയിലെ ലാർക്കാന, മിർപൂർ ഖാസ് എന്നിവിടങ്ങളിൽ നിന്ന് എടുത്തത് മലിനജലമാണ് . ഈ സാമ്പിളുകളിൽ WPV1 കണ്ടെത്തിയിട്ടുമുണ്ട്.
അതേസമയം അടുത്തിടെ പാകിസ്ഥാനിൽ മറ്റൊരു പുതിയ പോളിയോ കേസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. തെക്കൻ ഖൈബർ പഖ്തൂൺഖ്വയിലെ ബന്നു ജില്ലയിലെ യൂണിയൻ കൗൺസിൽ ഷംസി ഖൈലിലാണ് പോളിയോ റിപ്പോർട്ട് ചെയ്തത്. അവിടെ 33 മാസം പ്രായമുള്ള ഒരു കുട്ടിക്ക് പോളിയോ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഈ പുതിയ കേസോടെ, 2025 ൽ രാജ്യത്തുടനീളമുള്ള ആകെ പോളിയോ കേസുകളുടെ എണ്ണം 12 ആയി.

