നെയ്റോബി: കെനിയയിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു. ഖത്തറിൽ നിന്ന് കെനിയയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയ സംഘത്തിൽ മലയാളികളും ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മരിച്ചവരിൽ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തിങ്കളാഴ്ച കെനിയയിലെ ന്യാൻഡാരുവ കൗണ്ടിയിൽ പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് അപകടം. ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറി ഏകദേശം 100 മീറ്റർ താഴ്ചയുള്ള ഒരു കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഇരുപത്തിയേഴ് പേർക്ക് പരിക്കേറ്റു, ഇവരെ ന്യാഹുരുരു കൗണ്ടി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചു.