ടെഹ്റാൻ ; ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന ഇന്ത്യൻ കപ്പൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തടഞ്ഞുനിർത്തിയതായി റിപ്പോർട്ട് . ഉടൻ തുറമുഖത്തേക്ക് മടങ്ങാനും ഇന്ത്യൻ കപ്പലിന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നിർദേശം നൽകി. ഇന്ത്യൻ കപ്പലിന്റെ ക്യാപ്റ്റനും ഇറാനിയൻ നാവികസേനയുടെ ക്യാപ്റ്റനും തമ്മിലുള്ള മുഴുവൻ സംഭാഷണത്തിന്റെ വിശദാംശങ്ങളും പുറത്ത് വന്നിട്ടുണ്ട് . ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിരിക്കുകയാണെന്നും ഉടൻ തന്നെ തുറമുഖത്തേക്ക് മടങ്ങണമെന്നുമാണ് ഇറാനിയൻ (IRGC) ഉദ്യോഗസ്ഥൻ ഇന്ത്യൻ കപ്പലിന്റെ ക്യാപ്റ്റനോട് പറഞ്ഞത്.
ഇതേ തുടർന്ന് ഭാഗ്യലക്ഷ്മി എന്ന കപ്പൽ ഉടൻ തന്നെ ഗതി മാറ്റി. കഴിഞ്ഞ ദിവസം എണ്ണയുമായി പോയ ഇന്ത്യൻ പതാകയുള്ള രണ്ട് കപ്പലുകൾക്ക് നേരെ ഇറാനിയൻ ഗൺബോട്ടുകൾ വെടിയുതിർത്തിരുന്നു. ഇതിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എങ്കിലും ഇന്ത്യ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു .ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഇക്കാര്യത്തിൽ ആശങ്ക വ്യക്തമായി പ്രകടിപ്പിച്ചു. ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് നേരെയുണ്ടായ വെടിവയ്പ്പ് വളരെ ഗുരുതരമായ കാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യയിലേക്കുള്ള ഒരു കപ്പലിന് സുരക്ഷിതമായ ഗതാഗതം ഒരുക്കുന്നതിൽ ഇറാൻ മുമ്പ് സഹായിച്ചിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി ഓർമ്മിപ്പിച്ചു. അതിനാൽ, ഇറാൻ സഹകരിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഐആർജിസിയുമായി ഏകോപനം നടത്തിയതിനുശേഷം മാത്രമേ എല്ലാ കപ്പലുകൾക്കും കടന്നുപോകാൻ കഴിയൂ എന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ പറയുന്നത്.

