കാബൂൾ : താലിബാൻ സർക്കാരിൻ്റെ അഭയാർഥി കാര്യമന്ത്രി ഖലീൽ ഹഖാനി കാബൂളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അഭയാർത്ഥി കാര്യമന്ത്രാലയത്തിലുണ്ടായ ചാവേർ സ്ഫോടനത്തിലാണ് ഖലീൽ ഹഖാനിയും നാല് അംഗരക്ഷകരും കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു. ചാവേർ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഹഖാനി ശൃംഖലയിലെ മുതിർന്ന അംഗമായിരുന്നു ഖലീൽ ഹഖാനി, താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ ബന്ധു കൂടിയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലേക്ക് വരുന്ന അഭയാർത്ഥികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഖലീൽ ഹഖാനിയാണ്.
ആരാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് താലിബാൻ അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹഖാനിയെ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. ഖലീൽ ഹഖാനിയുടെ തലയ്ക്ക് അമേരിക്ക 5 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . താലിബാൻ സർക്കാരിൻ്റെ പല സുപ്രധാന മന്ത്രാലയങ്ങളുടെയും നിയന്ത്രണം ഹഖാനി ശൃംഖലയിലെ ആളുകൾക്കാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി ആക്രമണങ്ങളാണ് ഹഖാനി ശൃംഖല അഫ്ഗാനിസ്ഥാനിൽ നടത്തിയത്. 2012ൽ അമേരിക്ക ഇതിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണങ്ങളിൽ ചാവേറുകളെ ഉപയോഗിക്കുന്നതിനാണ് ഹഖാനി ശൃംഖല അറിയപ്പെടുന്നത്.