ക്വെറ്റ: ഇന്ത്യയെ ആക്രമിക്കാനുള്ള എല്ലാ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ട്, ഇന്ത്യൻ തിരിച്ചടിയിൽ നടുങ്ങി വിറച്ചിരിക്കുന്ന പാകിസ്താനെ കൂടുതൽ പ്രതിരോധത്തിലാക്കി ആഭ്യന്തര കലാപവും രൂക്ഷമാകുന്നു. ക്വെറ്റ പിടിച്ചെടുത്തതായി അവകാശപ്പെട്ട് ബലൂചിസ്ഥാൻ വിമോചന സേന രംഗത്തെത്തി. പാക് സൈനികരെ ബലൂചിസ്ഥാനിൽ നിന്നും പുറത്താക്കിയതായും ബി എൽ എ വ്യക്തമാക്കി.
സൈനിക താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ പതിനഞ്ച് കേന്ദ്രങ്ങളിൽ ആക്രമണം നടത്താനുള്ള പാക് ശ്രമങ്ങളെ ഇന്ത്യൻ സൈന്യം ദയനീയമായി പരാജയപ്പെടുത്തി. പകരം ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ലാഹോറിലും റാവൽപ്പിണ്ടിയിലും ഇസ്ലാമാബാദിലും ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. അമൃത്സർ, ജലന്ധർ, ജയ്സാമേർ, ഉധംപൂർ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് വന്ന പാക് ഡ്രോണുകളെയും വിമാനങ്ങളെയും ഇന്ത്യ വെടിവെച്ചിട്ടു.
ഏതാണ്ട് ഇതേസമയത്താണ് ബലൂചിസ്ഥാനിലെ ക്വെറ്റയിൽ ബലൂച് വിമോചന സേന ആക്രമണം നടത്തിയത്. ബലൂചിസ്ഥാനിലെ പാക് സൈനിക ആസ്ഥാനം ആക്രമിച്ച ബി എൽ എ, പാക് സൈന്യത്തെ തുരത്തിയ ശേഷം ക്വെറ്റയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതായാണ് പുറത്ത് വരുന്ന വിവരം.
ക്വെറ്റയിൽ രണ്ട് വൻ സ്ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസി സ്ഥിരീകരിക്കുന്നുണ്ട്. ജംഗ്ലെ ബാഗിലെ കംബ്രാനി റോഡ്, സഫർ ഖാൻ ചെക്ക് പോസ്റ്റ്, ഹസാര ടൗൺ, കിരാനി റോഡ് എന്നിവിടങ്ങളിലെ പാക് സൈനിക പോസ്റ്റുകൾക്ക് നേരെയാണ് ബി എൽ എയുടെ സായുധ സംഘങ്ങൾ ആക്രമണം അഴിച്ചുവിട്ടത്.
കെച്ച്, മസ്തൂംഗ്, കച്ഛി എന്നിവിടങ്ങളിലെ പാക് സൈനിക സാന്നിധ്യം പൂർണ്ണമായും അവസാനിപ്പിച്ചതായി പിന്നീട് ബലൂച് വിമോചന സേന പ്രസ്താവനയിൽ അറിയിച്ചു. തോക്കുകളും ഐ ഇ ഡികളും ഉപയോഗിച്ചായിരുന്നു ആക്രമണം. പാക് സൈനിക കേന്ദ്രങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ, പാകിസ്താന്റെ വിതരണ ശൃംഖലയും വാർത്താവിനിമയ ടവറുകളും ബി എൽ എ പോരാളികൾ തകർക്കുകയും ചെയ്തു.
നിലവിൽ ഇന്ത്യ നടത്തുന്ന ശക്തമായ പ്രത്യാക്രമണത്തെ ചെറുക്കാൻ ആകാതെ വലയുന്ന പാകിസ്താന് കനത്ത തിരിച്ചടിയാണ് ബലൂചിസ്ഥാനിൽ ലഭിക്കുന്നത്. ബലൂചിസ്ഥാനെ പാകിസ്താന്റെ നിയന്ത്രണത്തിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ബലൂച് വിമോചന സേന ആവർത്തിച്ച് വ്യക്തമാക്കുന്നത്.

