ഇസ്ലാമാബാദ് : ദുരിതാശ്വാസത്തിനെന്ന പേരിൽ പാകിസ്ഥാൻ ശ്രീലങ്കയിലേക്ക് അയച്ചത് കാലാവധി കഴിഞ്ഞ സാമഗ്രികൾ . ശ്രീലങ്കയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ സോഷ്യൽ മീഡിയയിൽ ദുരിതാശ്വാസ പാക്കേജുകളുടെ ഫോട്ടോകൾ പങ്ക് വച്ചിരുന്നു . ഇതിൽ പല പാക്കേജുകളിലും “EXP: 10/2024” എന്ന ലേബൽ ഉണ്ടായിരുന്നു.
വെള്ളപ്പൊക്ക ബാധിത രാജ്യത്തിനുള്ള രാജ്യത്തിന്റെ പിന്തുണയെ പുകഴ്ത്തിയായിരുന്നു പോസ്റ്റ് . എന്നാൽ അതിൽ നിന്ന് തന്നെ കാലാവധി കഴിഞ്ഞ സാമഗ്രികളാണ് അയച്ചതെന്ന് വ്യക്തമായി. 2024 ഒക്ടോബറിൽ കാലഹരണപ്പെട്ട വസ്തുക്കൾ ദുരിതാശ്വാസത്തിനെന്ന പേരിൽ അയച്ച പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉയർന്നു കഴിഞ്ഞു .
അതേസമയം ഇതിനോട് പാകിസ്ഥാൻ ഇതുവരെ പ്രതികരിക്കുകയോ വിശദീകരണം നൽകുകയോ ചെയ്തിട്ടില്ല. എന്നാൽ ശ്രീലങ്കയെ പിന്തുണയ്ക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഇന്ത്യ രംഗത്തുണ്ട്.
ഓപ്പറേഷൻ സാഗർ ബന്ധു എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിലൂടെ ആകെ 53 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യ എത്തിച്ചു. ടെന്റുകൾ, പുതപ്പുകൾ, മരുന്നുകൾ, ശുചിത്വ കിറ്റുകൾ, ശസ്ത്രക്രിയാ സാമഗ്രികൾ, രണ്ട് പ്രത്യേക ഭീഷ്ം മെഡിക്കൽ ക്യൂബുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ഈ സഹായത്തിൽ ഉൾപ്പെടുന്നു. നവംബർ 28 മുതൽ സാഗർ ബന്ധു ആരംഭിച്ചു.
സാധനങ്ങൾ അയയ്ക്കുക മാത്രമല്ല ശ്രീലങ്കയിൽ കുടുങ്ങിയ 2,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ടീമുകൾ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ നിന്ന് ഇതിനകം 150-ലധികം പേരെ രക്ഷപ്പെടുത്തി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ഇന്ത്യൻ വ്യോമസേനയും (ഐഎഎഫ്) നാവികസേനയും (ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് സുകന്യ എന്നിവയുൾപ്പെടെയുള്ള കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. ഗർഭിണികൾ, കുഞ്ഞുങ്ങൾ, പരിക്കേറ്റവർ എന്നിവരുൾപ്പെടെ കുടുങ്ങിക്കിടക്കുന്നവരെ വ്യോമമാർഗം എത്തിക്കുന്നതിന് ഇന്ത്യൻ നാവികസേനയുടെ ചേതക്, ഐഎഎഫിന്റെ എംഐ-17 ഹെലികോപ്റ്ററുകളുമുണ്ട്.
സംയുക്ത പ്രവർത്തനത്തിൽ രക്ഷപ്പെടുത്തിയവരിൽ ശ്രീലങ്ക, ഇന്ത്യ, ജർമ്മനി, യുകെ, ഓസ്ട്രേലിയ, പാകിസ്ഥാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നു.

