ധാക്ക: ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതകഥ പറയുന്ന ‘മുജീബ്: ദ് മേക്കിംഗ് ഓഫ് എ നേഷൻ‘ എന്ന സിനിമയിൽ ഷെയ്ഖ് ഹസീനയുടെ വേഷം ചെയ്ത നടി നുസ്രത് ഫാരിയ ബംഗ്ലാദേശിൽ അറസ്റ്റിലായി. ധാക്കയിലെ ഹസ്രത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഒരു കൊലപാതക കേസിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
നുസ്രത്ത് ഉൾപ്പെടെ 17 നടീനടന്മാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തായ്ലനഡിലേക്ക് യാത്ര പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു നുസ്രത്തിനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യ, ബംഗ്ലാദേശ് സംയുക്ത നിർമ്മാണ സംരംഭമായി 2023ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘മുജീബ്: ദ് മേക്കിംഗ് ഓഫ് എ നേഷൻ‘. ആരിഫിൻ ഷുവൂ നായകനായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ശ്യാം ബെനഗൽ ആയിരുന്നു.
ഷെയ്ഖ് ഹസീനയുടെ വേഷം സിനിമയിൽ ചെയ്യാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് അന്ന് നുസ്രത് ഫാരിയ പറഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും ഭാഗ്യവതിയായ നടിയാണ് താനെന്നും നുസ്രത് അഭിപ്രായപ്പെട്ടിരുന്നു.

