കാഠ്മണ്ഡു: സർക്കാരിന്റെ സോഷ്യൽ മീഡിയ നിരോധനത്തിനും വ്യാപകമായ അഴിമതിക്കുമെതിരെ നേപ്പാളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധം അക്രമാസക്തമായതോടെ സുരക്ഷാ സേന വെടിയുയർത്തി . മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അഞ്ച് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. 80 ലധികം പേർക്ക് പരിക്കേറ്റു.
ദമാക്കിൽ, പ്രകടനക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തപ്പോൾ ഒരാൾ കൊല്ലപ്പെട്ടു, അതേസമയം ന്യൂ ബനേശ്വറിലും മറ്റ് പ്രദേശങ്ങളിലും നടന്ന ഏറ്റുമുട്ടലുകൾ നിരവധി പേർക്ക് പരിക്കേറ്റു. പാർലമെന്റിന് സമീപം ഉൾപ്പെടെ കാഠ്മണ്ഡുവിലെ പ്രധാന പ്രദേശങ്ങളിൽ അധികാരികൾ കർഫ്യൂ ഏർപ്പെടുത്തി. ക്രമസമാധാന പാലനത്തിനായി സൈന്യത്തെ വിന്യസിച്ചു. അസ്വസ്ഥത രൂക്ഷമായതോടെ നേപ്പാൾ അതിർത്തിയിൽ ഇന്ത്യ സുരക്ഷ വർദ്ധിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
തലസ്ഥാനത്ത്, പാർലമെന്റിന് സമീപമുള്ള നിയന്ത്രിത മേഖലകൾ ലംഘിച്ച പ്രകടനക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.എമർജൻസി വാർഡ് സംഘർഷത്തിൽ പരിക്കേറ്റവരെക്കൊണ്ട് നിറയുന്നുവെന്നാണ് സിവിൽ ആശുപത്രിയിലെ ഇൻഫർമേഷൻ ഓഫീസർ രഞ്ജന പറയുന്നത്.
ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ രജിസ്റ്റർ ചെയ്യാത്ത 26 പ്ലാറ്റ്ഫോമുകൾ സർക്കാർ തടഞ്ഞതിനെ തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. “ നേപ്പാളിൽ സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിക്കെതിരെയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. ഞങ്ങൾക്ക് മാറ്റം കാണാൻ ആഗ്രഹമുണ്ട്. മറ്റുള്ളവർ ഇത് സഹിച്ചു, പക്ഷേ അത് ഞങ്ങളുടെ തലമുറയിൽ അവസാനിക്കണം.” – എന്നാണ് പ്രതിഷേധിക്കുന്ന യുവാക്കളുടെ നിലപാട്.
നേപ്പാൾ മുമ്പ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഓൺലൈൻ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും കാരണം ജൂലൈയിൽ ടെലിഗ്രാം നിരോധിച്ചിരുന്നു, അതേസമയം നേപ്പാൾ നിയമങ്ങൾ അംഗീകരിച്ചതിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ ടിക് ടോക്കിന്റെ ഒമ്പത് മാസത്തെ വിലക്ക് നീക്കിയിരുന്നു.

