വാഷിംഗ്ടൺ ; അമേരിക്കൻ സന്ദർശനത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും . അടുത്തിടെ വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ, ട്രംപിന് സമ്മാനിക്കാൻ അവർ അപൂർവ ധാതുക്കളും കൊണ്ടുവന്നു. ട്രംപിന് അപൂർവ ധാതുക്കൾ കാണിക്കുന്ന അസിം മുനീറിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ ഫോട്ടോയിൽ, ട്രംപിനും മുനീറിനും ഇടയിൽ ഷഹബാസ് ഷെരീഫും നിൽക്കുന്നതും കാണാം.
എന്നാൽ ഇത് ഇപ്പോൾ പാകിസ്ഥാൻ നേതാക്കളെ തന്നെ അസ്വസ്ഥരാക്കിയിരിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത് . പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെയും അസിം മുനീറിന്റെയും സമീപകാല യുഎസ് സന്ദർശനത്തെ പാകിസ്ഥാൻ എംപി ഐമൽ വാലി ഖാൻ ചോദ്യം ചെയ്തു. ഷഹബാസ് ഷെരീഫിനെയും അസിം മുനീറിനെയും ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും , പാക് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
“ഏത് വിധേനയും എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുന്ന ഒരു വിൽപ്പനക്കാരനെപ്പോലെയാണ് അസിം മുനീർ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഷഹബാസ് ഷെരീഫ് നാടകത്തിന്റെ മധ്യത്തിലിരുന്നു, ഒരു മാനേജരെപ്പോലെ അത് വീക്ഷിച്ചുകൊണ്ടിരുന്നു.മുനീർ വിദേശയാത്ര നടത്തുകയും നയതന്ത്ര യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും പരിഹസിക്കലാണ്. ജനാധിപത്യമില്ല. പാകിസ്ഥാനിൽ സ്വേച്ഛാധിപത്യമുണ്ട്, ഇത് പാർലമെന്റിനോടുള്ള അവഹേളനമാണ് “ ഐമൽ വാലി ഖാൻ പറഞ്ഞു.
“ഇത് ജനാധിപത്യമല്ല, സ്വേച്ഛാധിപത്യമാണ് . ട്രംപിന്റെ സമാധാന പദ്ധതിക്ക് പാകിസ്ഥാൻ നൽകുന്ന പിന്തുണ, സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാറിന്റെ വിശദാംശങ്ങൾ, മുനീർ സിവിലിയൻ നേതാക്കൾക്ക് മാത്രമായി നയതന്ത്ര ഇടപെടലുകൾ നടത്തുന്നത് എന്തുകൊണ്ട് ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേർക്കണം “ എന്നും ഐമൽ വാലി ഖാൻ ആവശ്യപ്പെട്ടു.

