ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ആദ്യത്തെ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) ഫീൽഡ് മാർഷൽ അസിം മുനീർ. അഞ്ച് വർഷത്തെ നിയമനത്തിന് ഷെഹ്ബാസ് ഷെരീഫ് സർക്കാർ അംഗീകാരം നൽകി. ഈ വർഷം ആദ്യം ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തപ്പെട്ട മുനീർ ഇനി കരസേനാ മേധാവിയായും തുടരും.
പ്രധാനമന്ത്രി ഷെരീഫ് അയച്ച സംഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് ആസിഫ് അലി സർദാരി മുനീറിന്റെ നിയമനം അംഗീകരിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. “കരസേനാ മേധാവിയായ എച്ച്ജെ, ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെ അഞ്ച് വർഷത്തേക്ക് ഒരേസമയം പ്രതിരോധ സേനാ മേധാവിയായി നിയമിക്കുന്നതിനായി പ്രധാനമന്ത്രി സമർപ്പിച്ച സംഗ്രഹം പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകരിച്ചു” പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ മാസം പാസാക്കിയ 27-ാമത് ഭരണഘടനാ ഭേദഗതിയെ തുടർന്നാണ് നിയമനം. ഈ ഭേദഗതി പ്രതിരോധ സേനാ മേധാവിയുടെ സ്ഥാനം സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു . സിഡിഎഫ് റോൾ നിലവിൽ വന്നതോടെ, പാകിസ്ഥാൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം ഔദ്യോഗികമായി നിർത്തലാക്കി.
ഫീൽഡ് മാർഷൽ മുനീർ 2022 നവംബറിൽ മൂന്ന് വർഷത്തെ കാലാവധിക്ക് കരസേനാ മേധാവിയായി ചുമതലയേറ്റു, പിന്നീട് 2024 ൽ അഞ്ച് വർഷത്തേക്ക് നീട്ടി.അവസാന സിജെസിഎസ്സി ജനറൽ സാഹിർ ഷംഷാദ് മിർസ വിരമിച്ചതിനെത്തുടർന്ന് നവംബർ 27 മുതൽ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധുവിന്റെ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടിയതിന് പ്രധാനമന്ത്രി ഷെരീഫ് അംഗീകാരം നൽകിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിലെ അഞ്ച് വർഷത്തെ കാലാവധി 2026 മാർച്ചിൽ അവസാനിക്കാനിരിക്കെയാണീത്.

