ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധം . ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാർ തലസ്ഥാനമായ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചു.
ഗാസ സമാധാന കരാറിനെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുന്നിൽ ഷെരീഫ് സർക്കാർ കീഴങ്ങിയെന്നാണ് തെഹ്രീക്-ഇ-ലബ്ബായിക് പറയുന്നത്. ഫൈസാബാദിൽ നിന്ന് ഇസ്ലാമാബാദിലെ അമേരിക്കൻ എംബസിയിലേക്കുള്ള ഇസ്ലാമിക ഗ്രൂപ്പിന്റെ “അഖ്സ മില്യൺ മാർച്ച്”ക്ക് മുന്നോടിയായി നഗരങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ക്രമസമാധാനം നിലനിർത്തുന്നതിനായി രണ്ട് നഗരങ്ങളിലെയും പ്രധാന റോഡുകളും അടച്ചിടും . പ്രശ്നങ്ങൾ നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി റാവൽപിണ്ടിയിൽ, കണ്ടെയ്നറുകളും ട്രെയിലറുകളും പോലീസ് കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധം മുൻകൂട്ടി കണ്ട് ഫൈസാബാദ് ജംഗ്ഷന് സമീപം കണ്ടെയ്നറുകൾ സ്ഥാപിച്ചിട്ടുണ്ട്. തലസ്ഥാന പോലീസ് പ്രാദേശിക ടിഎൽപി നേതാക്കളെ കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയിട്ടുണ്ടെന്നും 280 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡോൺ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ അനിശ്ചിതകാലത്തേക്ക് രണ്ട് നഗരങ്ങളിലെയും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയോട് (പിടിഎ) നിർദ്ദേശിച്ചു. റാലിയും അതിനെ പ്രതിരോധിക്കാനുള്ള സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകളും കണക്കിലെടുത്ത് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടുണ്ട്.

