ന്യൂഡൽഹി: ഓസ്കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് അക്കാദമി വൃത്തങ്ങൾ.ചടങ്ങ് റദ്ദാക്കാൻ പദ്ധതിയില്ലെന്നും ടോം ഹാങ്ക്സ്, മെറിൽ സ്ട്രീപ്പ് തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടുന്ന അത്തരമൊരു ഉപദേശക സമിതി നിലവിലില്ലെന്നും അക്കാദമി വ്യക്തമാക്കി.
“ലോസ് ഏഞ്ചൽസിലെ കാട്ടുതീയെത്തുടർന്ന് ഓസ്കാർ 2025 റദ്ദാക്കലിന്റെ വക്കിലാണ്” എന്ന തലക്കെട്ടിൽ യുകെയിലെ ടാബ്ലോയിഡ് പത്രമായ ദി സൺ ചൊവ്വാഴ്ച വൈകുന്നേരം അവരുടെ വെബ്സൈറ്റിൽ വാർത്ത പോസ്റ്റ് നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഈ വാർത്ത തെറ്റാണെന്ന് അക്കാദമി വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
കാട്ടുതീ കാരണം നോമിനേഷൻ വോട്ടെടുപ്പ് കാലയളവ് നീട്ടൽ, ഓസ്കാർ നോമിനികളുടെ വിരുന്ന് മാറ്റിവയ്ക്കൽ തുടങ്ങിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, അവാർഡ് ദാന ചടങ്ങ് ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് അക്കാദമി സ്ഥിരീകരിച്ചിട്ടുണ്ട്.മാർച്ച് 2 ന് ഡോൾബി തിയേറ്ററിൽ നടക്കുന്ന ആഘോഷ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും അക്കാദമി അറിയിച്ചു.