സിന്ധ് ; ബൊളാരി വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നതായി പാകിസ്ഥാനിലെ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ . ഈ വ്യോമാക്രമണത്തിൽ 6 വ്യോമസേനാ ഉദ്യോഗസ്ഥർ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിന്ധ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന ഇന്ത്യൻ വ്യോമസേന പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന ഇന്ത്യയുടെ നിലപാട് സ്ഥിരീകരിക്കുന്നു. ആക്രമണങ്ങൾ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതാണെന്ന പാകിസ്ഥാന്റെ വാദത്തെയും ഇത് നിരാകരിക്കുന്നു.
“സിന്ധിൽ ഏഴ് പേർ മരിച്ചു. ബൊളാരിയിലുണ്ടായ ആക്രമണത്തിൽ ആറ് വ്യോമസേന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരുമാണ് മരിച്ചത്,” മുറാദ് അലി ഷാ പറഞ്ഞു.ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആക്രമിച്ച ഒരു ഡസനോളം വ്യോമസേനാ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സിന്ധ് പ്രവിശ്യയിലെ ബൊളാരി വ്യോമതാവളം. 2017 ഡിസംബറിൽ കമ്മീഷൻ ചെയ്ത ഇത് പാകിസ്ഥാനിലെ ഏറ്റവും നൂതനമായ പ്രധാന പ്രവർത്തന താവളങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 19-ാമത്തെ സ്ക്വാഡ്രണും F-16A/B ബ്ലോക്ക് 15 ADF വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്ന ഓപ്പറേഷണൽ കൺവേർഷൻ യൂണിറ്റും (OCU) ഇവിടെയാണ്
ഇന്ത്യൻ ആക്രമണത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ, വ്യോമതാവളത്തിന് കേടുപാടുകൾ സംഭവിച്ചതായി വ്യക്തമാക്കുന്നുണ്ട് . ചില വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന .

