ടോക്യോ: ജപ്പാനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തുടർന്ന് രണ്ട് ചെറിയ സുനാമികൾ രൂപപ്പെട്ടുവെങ്കിലും നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ക്യൂഷി മേഖലയിലെ മിയാസാക്കിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്നും 36 കിലോമീറ്റർ ആഴത്തിലുണ്ടായ ഭൂചലനം, 18 കിലോമീറ്റർ ചുറ്റളവിൽ വരെ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. തുടർന്ന് ഒരു മീറ്റർ വരെ ഉയരത്തിലുള്ള സുനാമി തിരമാലകൾ രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ ഭൗമശാസ്ത്ര ഏകൻസി മുന്നറിയിപ്പ് നൽകി.
സമുദ്ര മേഖലകളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞ് പോകണം. സുനാമി തിരമാലകൾ ആവർത്തിച്ച് ഉണ്ടായേക്കാം. ആളുകൾ ഒരു കാരണവശാലും കടലിൽ പ്രവേശിക്കരുതെന്നും കടൽ തീരത്ത് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഭൂചലനത്തിന് ശേഷം ഇതുവരെ 20 സെന്റിമീറ്റർ വരെ ഉയരത്തിലുള്ള രണ്ട് സുനാമികൾ ഉണ്ടായിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള മേഖലകളിൽ ഉൾപ്പെടുന്ന രാജ്യമാണ് ജപ്പാൻ. 125 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ഇവിടെ പ്രതിവർഷം ശരാശരി 1500 ഭൂചലനങ്ങൾ വരെ ഉണ്ടാകാറുണ്ട്. ലോകത്തിലെ ആകെ ഭൂചലനങ്ങളുടെ 18 ശതമാനവും ജപ്പാനിലാണ് ഉണ്ടാകുന്നത്.
2024ലെ പുതുവർഷ ദിനത്തിൽ ഉണ്ടായ ഭൂചലനത്തിൽ ജപ്പാനിൽ 470 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. റിക്ടർ സ്കെയിലിൽ 7.5 ആയിരുന്നു അന്ന് തീവ്രത രേഖപ്പെടുത്തിയത്.