ന്യൂഡൽഹി : റഷ്യയുമായുള്ള യുദ്ധത്തിൽ സമാധാന സഹായിയായി ഭാരതം വരണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി . ട്രംപ്-പുടിൻ ചർച്ചകൾ ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, സ്വാതന്ത്ര്യദിന ആശംസകളുമായി സെലെൻസ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബന്ധപ്പെട്ടിരുന്നു .
“യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് ഇന്ത്യ സംഭാവന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അങ്ങനെ നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും യഥാർത്ഥത്തിൽ സുരക്ഷിതമാകും,” സെലെൻസ്കി പറഞ്ഞു, ഈ സംഘർഷം “സ്വാതന്ത്ര്യത്തിനും അന്തസ്സിനും” വേണ്ടിയുള്ള പോരാട്ടമാണ് . സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ ജനതയ്ക്കും, പ്രസിഡന്റ് @rashtrapatibhvn, പ്രധാനമന്ത്രി @narendramodi എന്നിവർക്കും അഭിനന്ദനങ്ങൾ! “ എന്നും സെലെൻസ്കി സോഷ്യൽ മീഡിയയിൽ കുറിച്ചു.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇടപെട്ട ചർച്ചകൾ നടത്തുന്നതിനിടെയാണ് സെലൻസ്കി ഇന്ത്യയുടെ സഹായം തേടിയത് . റഷ്യയുമായും, വ്ലാഡിമിർ പുടിനുമായുമുള്ള ഇന്ത്യയുടെയും , നരേന്ദ്രമോദിയുടെയും ബന്ധം തങ്ങൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്താനാകുമെന്നാണ് സെലൻസ്കിയുടെ പ്രതീക്ഷ.
പുടിനുമായുള്ള ചർച്ചകളിൽ ട്രംപ് എന്ത് ഇളവുകൾ നൽകാൻ തയ്യാറാകുമെന്ന് സെലെൻസ്കിയോടൊപ്പം യൂറോപ്യൻ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ തുടക്കത്തിൽ, ട്രംപ് സെലെൻസ്കിയുമായും നിരവധി യൂറോപ്യൻ രാഷ്ട്രത്തലവന്മാരുമായും വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. നിരുപാധികമായ വെടിനിർത്തലിന് വേണ്ടി വാദിക്കുമെന്ന് ട്രംപ് അവർക്ക് ഉറപ്പ് നൽകി.
ആഗോളതലത്തിൽ ഇന്ത്യയുടെ വളരുന്ന സ്ഥാനവും റഷ്യയുമായും പാശ്ചാത്യ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധവും ചർച്ചകളുടെ ഗതിയെ സ്വാധീനിക്കുമെന്നാണ് സെലൻസ്കി കരുതുന്നത് .സെലെൻസ്കിയെ സംബന്ധിച്ചിടത്തോളം, പ്രധാനമന്ത്രി മോദിയോടുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥനയുടെ സമയം പ്രതീകാത്മകവും തന്ത്രപരവുമായിരുന്നു, പരമാധികാരത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയെ ധാർമ്മിക പങ്കാളിയായി കാണുന്നുവെന്ന് യുഎസിനു മുന്നിൽ വ്യക്തമാക്കുകയാണ് സെലൻസ്കി.

