ലക്നൗ : നോയിഡയിൽ തൊഴിലാളി പ്രക്ഷോഭം ആരംഭിച്ചതിനു പിന്നാലെ വേതനത്തിൽ ഇടക്കാല വർദ്ധനവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഏപ്രിൽ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ശമ്പള വർധനവ് നടപ്പാക്കുക. വിദഗ്ധ, അർദ്ധ-വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ വേതനത്തിലാണ് 21% വരെ വർദ്ധനവ് ഉണ്ടാകുക.
ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ് തുടങ്ങിയ വ്യാവസായിക ജില്ലകളിലാണ് വേതന വർദ്ധനവ് ഏറ്റവും കൂടുതൽ നടപ്പിലാക്കിയത്. ഈ ജില്ലകളിൽ, തൊഴിലാളികളുടെ വേതനം (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഉൾപ്പെടെ) 21 ശതമാനം വരെ വർദ്ധിപ്പിച്ചു.
പുതുതായി പരിഷ്കരിച്ച ഇടക്കാല വേതന ഘടന അനുസരിച്ച്, നോയിഡയിലെയും ഗാസിയാബാദിലെയും അവിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ വേതനം ₹13,690 ആയി നിശ്ചയിച്ചു. സെമി-സ്കിൽഡ് തൊഴിലാളികൾക്ക് ₹15,059 ഉം സ്കിൽഡ് തൊഴിലാളികൾക്ക് ₹16,868 ഉം ആണ് ശമ്പളം . കൂടാതെ, അൺസ്കിൽഡ് തൊഴിലാളികൾക്കുള്ള അടിസ്ഥാന പ്രതിമാസ വേതനം ₹11,313.65 ആയി നിശ്ചയിച്ചിട്ടുണ്ട്, ദിവസ വേതനം ₹435.14 ആണ്. സെമി-സ്കിൽഡ് തൊഴിലാളികൾക്ക് പ്രതിമാസം ₹12,446 ലഭിക്കും പ്രതിദിനം ₹478.69 ആണ് ലഭിക്കുക. എന്നാൽ സ്കിൽഡ് തൊഴിലാളികൾക്ക് പ്രതിമാസ ശമ്പളം ₹13,940.37 ആയി നിശ്ചയിച്ചിട്ടുണ്ട്, ദിവസ വേതനം ₹536.16 ഉം ആണ്.
കഴിഞ്ഞ ദിവസമാണ് നോയിഡയിൽ അക്രമാസക്തമായ പ്രതിഷേധം നടന്നത് . ആയിരക്കണക്കിന് ഫാക്ടറി തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് തെരുവിലിറങ്ങി. നിരവധി മേഖലകളിൽ പ്രതിഷേധത്തിനിടെ സ്ഥിതി വഷളായി . വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും കാറുകൾക്ക് തീയിടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സർക്കാർ കർശന നടപടി സ്വീകരിച്ചു.

